
കേന്ദ്രത്തിന്റെ പുതിയ അതിവേഗ റെയിൽവേ പദ്ധതിയിൽ കാസർകോടിനെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. കേരളത്തിന്റെ അതിർത്തി കണ്ണൂരല്ലെന്ന് കേന്ദ്രത്തെയും ഇ. ശ്രീധരനെയും ഓർമ്മിപ്പിച്ച എം.പി, അർഹമായ സ്റ്റേഷൻ അനുവദിച്ചില്ലെങ്കിൽ കെ-റെയിലിന് സംഭവിച്ച അതേ അവസ്ഥ ഈ പദ്ധതിക്കും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനെയും മുഖ്യമന്ത്രിയെയും നേരിട്ട് അതൃപ്തി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കാസർകോട് നിന്ന് യാത്രക്കാർ കുറവായതിനാലാണ് ആദ്യഘട്ടത്തിൽ അവിടെ സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഇ. ശ്രീധരന്റെ വിശദീകരണം. കാസർകോട്ടേക്ക് സ്റ്റേഷൻ നീട്ടണമെങ്കിൽ 200 കോടി രൂപ അധികച്ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റെയിൽവേ വിഷയത്തിന് പുറമെ, പയ്യന്നൂരിലെ സി.പി.എം വിഭാഗീയതയിലും ഉണ്ണിത്താൻ ആഞ്ഞടിച്ചു. ഫണ്ട് വെട്ടിപ്പിനെതിരെ പരാതിപ്പെട്ട വി. കുഞ്ഞികൃഷ്ണനെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പയ്യന്നൂരിൽ എം.എൽ.എയുടെ നേതൃത്വത്തിൽ മാഫിയ ഗുണ്ടാസംഘമാണ് പ്രവർത്തിക്കുന്നതെന്നും രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അതിവേഗ റെയിൽവേ പദ്ധതിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്തുണച്ചിട്ടുണ്ടെങ്കിലും കാസർകോട് ജില്ലയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം യു.ഡി.എഫിനുള്ളിൽ ചർച്ചയായേക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇ. ശ്രീധരൻ വ്യക്തമാക്കുന്നത്.
The post കേരളത്തിന്റെ അതിർത്തി കണ്ണൂരല്ല; അതിവേഗ റെയിലിൽ കാസർകോടിനെ വെട്ടിയവർക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ appeared first on Express Kerala.



