
തൈറോയിഡ് പ്രശ്നങ്ങൾ മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലും കൗമാരക്കാരിലും തൈറോയിഡ് ഹോർമോണിന്റെ കുറവ് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ തൈറോക്സിൻ ഹോർമോൺ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും, ജന്മനാ ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ അത് കുഞ്ഞിന്റെ ബുദ്ധിവികാസത്തെയും വളർച്ചയെയും സാരമായി ബാധിക്കുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക് പ്രൊഫസർ ഡോ. റിയാസ് ഐ. വ്യക്തമാക്കുന്നു.
കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ച പൂർണ്ണമാകുന്നത് ആദ്യത്തെ ഏതാനും വർഷങ്ങളിലാണ്. അതിനാൽ, പ്രസവിച്ച് 48 മുതൽ 72 മണിക്കൂറിനുള്ളിൽ എല്ലാ കുഞ്ഞുങ്ങളിലും ടി.എസ്.എച്ച് (TSH) പരിശോധന നടത്തേണ്ടത് നിർബന്ധമാണ്. ഇതിനെ ‘ന്യൂബോൺ സ്ക്രീനിംഗ്’ എന്ന് വിളിക്കുന്നു. രോഗം കണ്ടെത്താൻ മൂന്ന് മാസം വൈകിയാൽ പോലും കുട്ടിയുടെ ബുദ്ധിശക്തി (IQ) വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. എന്നാൽ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങിയാൽ കുട്ടിയെ പൂർണ്ണ ആരോഗ്യവാനായി വളർത്തിയെടുക്കാൻ സാധിക്കും.
Also Read: വിമാന സീറ്റുകൾക്ക് എന്തുകൊണ്ടാണ് നീല നിറം നൽകുന്നത്? വെറുമൊരു ഡിസൈനല്ല, പിന്നിലുണ്ട് ചില രഹസ്യങ്ങൾ!
കുട്ടികളിലെ തൈറോയിഡ് പ്രശ്നങ്ങൾ തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കുട്ടികളിൽ നീണ്ടുനിൽക്കുന്ന മഞ്ഞപ്പിത്തം, അമിതമായ ഉറക്കം, മലബന്ധം, പാൽ കുടിക്കാൻ മടി എന്നിവ ലക്ഷണങ്ങളാകാം. മുതിർന്ന കുട്ടികളിലാകട്ടെ പൊക്കക്കുറവ്, പഠനത്തിൽ ശ്രദ്ധക്കുറവ്, കൈയക്ഷരം മോശമാകുക, അലസത എന്നിവ കണ്ടേക്കാം. കൂടാതെ, അമിതവണ്ണമുള്ള കുട്ടികളിലും ടി.എസ്.എച്ച് വ്യതിയാനങ്ങൾ കണ്ടുവരാറുണ്ട്; ഇത്തരം സാഹചര്യങ്ങളിൽ ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഹോർമോൺ നില സാധാരണ നിലയിലാക്കാൻ സാധിക്കും.
ഹൈപ്പോതൈറോയിഡിസത്തിന് ഹോർമോൺ ഗുളികകളാണ് പ്രധാന ചികിത്സ. മരുന്ന് കൃത്യമായി വെറും വയറ്റിൽ തന്നെ നൽകാൻ ശ്രദ്ധിക്കണം. സോയ, അയൺ സിറപ്പുകൾ എന്നിവ മരുന്നിനോടൊപ്പം നൽകുന്നത് ഗുളികയുടെ ഫലപ്രാപ്തി കുറയ്ക്കും. തൈറോയിഡ് കുറവിനെ ഒരു മാറാരോഗമായി കാണുന്നതിന് പകരം, ശരീരത്തിലെ ഹോർമോൺ കുറവായി കണ്ട് കൃത്യമായ ചികിത്സ നൽകിയാൽ കുട്ടികൾക്ക് മികച്ച ഭാവി ഉറപ്പാക്കാൻ കഴിയുമെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.
The post തുടക്കത്തിലേ തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടം; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് appeared first on Express Kerala.



