
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രാദേശിക മാതൃഭാഷകളെ വിഴുങ്ങുമെന്നും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ദോഷകരമായി ബാധിക്കുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. ചെന്നൈയിൽ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദിയുടെ ആധിപത്യം മൂലം വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ ഹരിയാൻവി, ഭോജ്പുരി, ബിഹാറി തുടങ്ങിയ പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ‘ത്രിഭാഷാ നയം’ യഥാർത്ഥത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണെന്ന് ഉദയനിധി വിമർശിച്ചു. ഓരോ പ്രദേശത്തിന്റെയും തനതായ സ്വത്വവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കപ്പെടണമെങ്കിൽ മാതൃഭാഷകൾ നിലനിൽക്കണം. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, ഇതിനെതിരെ ഡിഎംകെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
Also Read: മണ്ണു മാന്തിയപ്പോൾ തെളിഞ്ഞത് മുത്തുച്ചിപ്പികൾ; തൂത്തുക്കുടിയുടെ ചരിത്രം മാറ്റിയെഴുതുന്ന ആ കണ്ടെത്തൽ!
മുൻകാലങ്ങളിലെന്നപോലെ ഭാവിയിലും തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് ജനതയുടെ മേൽ ഹിന്ദിയും സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ ‘ഹിന്ദി തെരിയാത് പോടാ’ (ഹിന്ദി അറിയില്ല പോടാ) എന്ന ക്യാമ്പയിൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഭാഷാ സമരത്തിന്റെ പേരിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും തമിഴ് സ്വത്വത്തിനായി പോരാടുമെന്നും ഡിഎംകെ നേതൃത്വം പ്രഖ്യാപിച്ചു.
The post ഹിന്ദി അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക ഭാഷകളെ ഇല്ലാതാക്കും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിൻ appeared first on Express Kerala.



