
രാഷ്ട്രപതി ഭവനിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുതവണ ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധി ഇത് നിരസിച്ചത് വടക്കുകിഴക്കൻ മേഖലയോടുള്ള നിന്ദയും വിവേചനവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. പ്രധാനമന്ത്രിയും വിദേശ പ്രതിനിധികളും ഉൾപ്പെടെ എല്ലാവരും ഡ്രസ്‌കോഡ് പാലിച്ചപ്പോൾ രാഹുൽ മാത്രം വിട്ടുനിന്നത് ബോധപൂർവമാണെന്ന രീതിയിൽ ചടങ്ങിന്റെ ചിത്രങ്ങൾ സഹിതമാണ് ബിജെപി വിമർശനം ഉന്നയിച്ചത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി. വടക്കുകിഴക്കൻ പ്രദേശത്തോടുള്ള കോൺഗ്രസിന്റെ തുടർച്ചയായ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഇത്തരം നിലപാടുകൾ കാരണമാണ് ആ മേഖലയിൽ കോൺഗ്രസിന് സ്വാധീനം നഷ്ടപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരും ആദരവോടെ ഷാൾ ധരിച്ചപ്പോൾ രാഹുൽ ഗാന്ധി എന്തിന് വിമുഖത കാട്ടി എന്നും അദ്ദേഹം ചോദിച്ചു.
Also Read: “ഗോമൂത്ര ഗവേഷണത്തിന് പുരസ്കാരം”; മദ്രാസ് ഐഐടി ഡയറക്ടർക്ക് പദ്മശ്രീ നൽകിയതിനെ പരിഹസിച്ച് കോൺഗ്രസ്
എന്നാൽ, ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേരിട്ടത്. ചടങ്ങിൽ രാജ്‌നാഥ് സിങ്ങും പട്ക ധരിച്ചിരുന്നില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ മാത്രം ലക്ഷ്യം വെക്കുന്ന ഹിമന്ത ബിശ്വ ശർമ, രാജ്‌നാഥ് സിങ്ങിനോടും ഇതേക്കുറിച്ച് ചോദിക്കുമോ എന്നും ക്ഷമാപണം ആവശ്യപ്പെടുമോ എന്നും കോൺഗ്രസ് തിരിച്ചടിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം നിസാര കാര്യങ്ങൾ വിവാദമാക്കുകയാണെന്നാണ് കോൺഗ്രസിന്റെ വാദം.
The post ‘രാഷ്ട്രപതി ഓർമ്മിപ്പിച്ചിട്ടും പട്ക ധരിച്ചില്ല’; റിപ്പബ്ലിക് ദിന ചടങ്ങിലെ രാഹുലിന്റെ വസ്ത്രധാരണത്തിൽ ബിജെപി-കോൺഗ്രസ് പോര് appeared first on Express Kerala.



