
എൻഎസ്എസ് ഒരു കാലത്തും വർഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അവരുടെ ‘സമദൂര നിലപാട്’ എക്കാലവും മതേതര കാഴ്ചപ്പാടുള്ളതായിരുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്എൻഡിപിയുമായി പ്രഖ്യാപിച്ച ഐക്യനീക്കത്തിൽ നിന്നും എൻഎസ്എസ് പിന്മാറിയതിനെക്കുറിച്ച് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപിയും ഒരുകാലത്ത് സ്വതന്ത്രമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്നും എന്നാൽ പിന്നീട് അതിൽ വ്യതിയാനങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അത് തിരിച്ചറിഞ്ഞാണ് എൻഎസ്എസ് പിന്മാറിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സമുദായങ്ങളുടെ പുരോഗതിക്കായി സംഘടനകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് നല്ലതാണെങ്കിലും അത് വിഭാഗീയമായ രീതിയിലേക്ക് മാറുന്നത് പൊതുസമൂഹത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണം; വി ഡി സതീശൻ
പത്മ പുരസ്കാരങ്ങൾ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കവെ, രാജ്യം നൽകുന്ന ഒരു അംഗീകാരത്തെ മോശമായി കാണേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഒരാളെ രാജ്യം ആദരിക്കാൻ തീരുമാനിച്ചാൽ അതിനെതിരെ സംസാരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ഫണ്ട് വിവാദവും നേതാവിനെതിരായ നടപടിയും അവരുടെ ആഭ്യന്തര കാര്യമാണെന്നും അത് അവർ തന്നെ നോക്കട്ടെ എന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
The post “എൻഎസ്എസ് എന്നും മതേതര പക്ഷത്ത്, വ്യതിയാനം സംഭവിച്ചത് എസ്എൻഡിപിക്ക്”: കുഞ്ഞാലിക്കുട്ടി appeared first on Express Kerala.



