വിജയ് ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് നേരത്തെ നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതാണ് ചിത്രത്തിന് തിരിച്ചടിയായത്. സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ പുതിയ ഉത്തരവ്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെൻസർ ബോർഡിന് മതിയായ സാവകാശം നൽകിയില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളെത്തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഇതിനെതിരെ നിർമ്മാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും ഇപ്പോൾ ലഭിച്ചിരിക്കുന്ന വിധി തിരിച്ചടിയായിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പാണ് ഈ ചിത്രത്തിനുള്ളത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് തടസ്സപ്പെട്ടത് തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാക്കി ചിത്രം എന്ന് തിയേറ്ററിലെത്തുമെന്ന് ഇപ്പോൾ വ്യക്തമല്ല.
The post വിജയ് ചിത്രം വീണ്ടും കുരുക്കിൽ! സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; റിലീസ് അനിശ്ചിതത്വത്തിൽ appeared first on Express Kerala.



