
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വസിക്കാൻ വകയില്ലെന്ന സൂചനകളാണ് വിപണിയിൽ നിന്ന് പുറത്തുവരുന്നത്. ഈ വർഷം സ്വർണവിലയിൽ കുറഞ്ഞത് പത്ത് ശതമാനമെങ്കിലും വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വില കുത്തനെ ഉയർന്നുനിൽക്കുന്നതിനാൽ ആഭരണ വിപണിയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ അസ്ഥിരതയും ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണത്തിന് വലിയ ഡിമാൻഡ് നൽകുന്നതാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,100 ഡോളർ എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. വർഷാവസാനത്തോടെ ഇത് 6,000 ഡോളറിലേക്ക് കുതിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഏജൻസിയായ സൊസൈറ്റി ജനറൽ പ്രവചിക്കുന്നു. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,18,760 രൂപയാണ് വില. ഇന്നലെയും ഇതേ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,195 രൂപയും പവൻ വില 97,560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
Also Read: ഇനി ക്യൂ നിൽക്കണ്ട! പിഎഫ് പണം യുപിഐ വഴി പിൻവലിക്കാം; വിപ്ലവകരമായ മാറ്റങ്ങളുമായി ഇപിഎഫ്ഒ 3.0
അതേസമയം, സ്വർണവില മാറ്റമില്ലാതെ തുടരുമ്പോഴും വെള്ളി വിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 345 രൂപയായിരുന്ന വെള്ളിവില ഇന്ന് 370 രൂപയായി ഉയർന്നു. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് 3,700 രൂപയാണ് വില. ആഗോളതലത്തിൽ നിക്ഷേപകർ സ്വർണത്തെയും വെള്ളിയെയും സുരക്ഷിത നിക്ഷേപമായി കാണുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം.
The post സ്വർണം ‘തൊട്ടാൽ പൊള്ളും’ വിലയിൽ; വില കുറയാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി; വെള്ളി വിലയിലും വൻ കുതിപ്പ് appeared first on Express Kerala.



