
രാഹുൽ ഗാന്ധിയെ ‘ഭീരു’ എന്നും ‘അരക്ഷിതനായ രാഷ്ട്രീയക്കാരൻ’ എന്നും വിമർശിച്ചതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രിയും മുൻ കോൺഗ്രസ് എംപിയുമായ ഷക്കീൽ അഹമ്മദ് രംഗത്തെത്തി. പട്നയിലെയും മധുബാനിയിലെയും തന്റെ വസതികൾ ആക്രമിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഉത്തരവിട്ടതായി സഹപ്രവർത്തകർ രഹസ്യവിവരം നൽകിയെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇതിന് തെളിവായി തന്റെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അസ്വസ്ഥനാണെന്നും തന്നെ വാഴ്ത്തുന്ന യുവനേതാക്കളെ മാത്രമേ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്നും ഷക്കീൽ അഹമ്മദ് ആരോപിച്ചു. രാഹുൽ ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും ജനാധിപത്യവിരുദ്ധമായ മനോഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബപരമായി ജയിച്ചുവന്നിരുന്ന അമേഠി സീറ്റിൽ രാഹുൽ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ ഇത്തരം മനോഭാവം കാരണമാണെന്നും 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിട്ട ഷക്കീൽ വിമർശിച്ചു.
Also Read: ലോകത്തെ ഞെട്ടിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ മഹാകരാർ; പ്രഖ്യാപനവുമായി മോദി
ഷക്കീൽ അഹമ്മദിന്റെ വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ബിജെപി മാറ്റിയിരിക്കുകയാണ്. രാഹുൽ പുറമെ ജനാധിപത്യവാദി എന്ന് നടിക്കുമ്പോഴും യഥാർത്ഥത്തിൽ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ മനോഭാവമുള്ള സ്വേച്ഛാധിപതിയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പരിഹസിച്ചു. മുതിർന്ന നേതാക്കൾ പോലും പാർട്ടിയിൽ സുരക്ഷിതരല്ലെന്ന ഷക്കീലിന്റെ ആരോപണം ഗൗരവകരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
The post “രാഹുൽ സ്വേച്ഛാധിപതി, എന്റെ ജീവന് ഭീഷണി”; മുൻ കോൺഗ്രസ് എംപിയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.



