
ഡൽഹി: ഗുരുഗ്രാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലെപ്പേഡ് ട്രയിലിൽ സഹപ്രവർത്തകനൊപ്പം എത്തിയ 23-കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ എസ്‌യുവിയുടെ ചക്രം ചെളിയിൽ പുതഞ്ഞതോടെ യുവതി രക്ഷപ്പെട്ടു. സംഭവത്തിൽ പ്രദേശത്ത് ഭക്ഷണവിൽപന നടത്തിയിരുന്ന ഗൗരവ് ഭാട്ടി (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി സഹപ്രവർത്തകനൊപ്പം എത്തിയ യുവതി പുലർച്ചെ ഒന്നരയോടെ വിനോദസഞ്ചാരകേന്ദ്രത്തിലെത്തുകയും രണ്ടുമണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. കാറിനുള്ളിലിരുന്ന ഇവരെ ഗൗരവ് ശല്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കത്തിനിടെ യുവതിയുടെ ഫോൺ തട്ടിയെടുത്ത് ഗൗരവ് തന്റെ സ്‌കോർപിയോയ്ക്ക് അടുത്തേക്ക് ഓടി. ഫോൺ തിരികെ വാങ്ങാൻ പിന്നാലെ ചെന്ന യുവതിയെ ഇയാൾ ബലംപ്രയോഗിച്ച് വാഹനത്തിനുള്ളിലേക്ക് തള്ളിയിടുകയും വാഹനം ഓടിച്ചു പോകുകയുമായിരുന്നു.
Also Read: ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
യുവതിയുടെ സഹപ്രവർത്തകൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന പോലീസ് വാഹനം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇതിനിടെ പന്ദല ഗ്രാമത്തിലെ മൺപാതയിലൂടെ പോകുകയായിരുന്ന സ്‌കോർപിയോയുടെ ചക്രം ചെളിയിൽ പുതഞ്ഞു. വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ വരികയും യുവതി സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഗൗരവ് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ രക്ഷിച്ചു. വാഹനവും യുവതിയെയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഗൗരവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ വീണ് കാലിന് ഒടിവുണ്ടായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ appeared first on Express Kerala.



