
മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആവേശവുമായി എത്തിയ ‘ചത്താ പച്ച’ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ഇത്, റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം പിന്നിടുമ്പോൾ 25.21 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രം, ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഗംഭീര പ്രേക്ഷക പ്രശംസയോടെ കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് റെസ്ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മമ്മൂട്ടി ‘വാൾട്ടർ’ എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ എത്തിയത് വലിയ ആവേശമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും കോർത്തിണക്കിയ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജാണ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ. റിതേഷ് എസ് രാമകൃഷ്ണനും ഷിഹാൻ ഷൗക്കത്തും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനത്തിന് തുടക്കമിട്ട് മമ്മൂട്ടി
സാങ്കേതിക മികവിലും വിതരണത്തിലും ‘ചത്താ പച്ച’ പുതിയ ചരിത്രം കുറിക്കുന്നു. പ്രശസ്ത ബോളിവുഡ് സംഗീത കൂട്ടുകെട്ടായ ശങ്കർ-ഇഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണം ഏറ്റെടുത്തപ്പോൾ, നോർത്ത് ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്സുമാണ് വിതരണക്കാർ. ടി-സീരീസ് സംഗീത അവകാശം സ്വന്തമാക്കിയ ഈ ചിത്രം പാൻ-ഇന്ത്യൻ തലത്തിൽ മലയാള സിനിമയുടെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
The post ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം! അഞ്ച് ദിനം കൊണ്ട് 25 കോടി കടന്ന് കുതിപ്പ്! appeared first on Express Kerala.



