
ബിഹാറിലെ നളന്ദയിൽ സ്ത്രീധനത്തിന്റെ പേരിൽ രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊലപ്പെടുത്തി. മെഹ്‌തെർമ ഗ്രാമത്തിലെ സ്തുതി കുമാരിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. വിവാഹസമയത്ത് വാഗ്ദാനം ചെയ്ത സ്വർണ്ണമാല നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കൾ ഒളിവിൽ പോയി.
ഒൻപത് മാസം മുൻപായിരുന്നു സ്തുതിയുടെയും ചിന്തുവിന്റെയും വിവാഹം നടന്നത്. സ്ത്രീധനമായി സ്വർണ്ണമാല നൽകാമെന്ന് കുടുംബം ഏറ്റിരുന്നെങ്കിലും അത് നൽകാൻ സാധിക്കാതിരുന്നതോടെ ഭർതൃവീട്ടുകാർ പീഡനം തുടങ്ങുകയായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് സ്തുതിക്ക് ക്രൂരമായ മർദനമേറ്റിരുന്നതായും ഭർതൃവീട്ടിൽ യുവതി നിരന്തരം പീഡനങ്ങൾ അനുഭവിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.
Also Read: ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ
കൊലപാതകം നടന്ന ദിവസം സ്തുതിയെ ക്രൂരമായി മർദിച്ച ശേഷം ദേഹത്ത് എണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. സ്തുതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും നളന്ദ പോലീസ് അറിയിച്ചു.
The post സ്വർണ്ണമാല കിട്ടാത്തതിന് ക്രൂരത; രണ്ടുമാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നു appeared first on Express Kerala.



