
വയനാട് ലക്കിടി ചുരം കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ 11.2 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിലായി. മുട്ടിൽ സ്വദേശി അബൂബക്കർ (49), മേപ്പാടി സ്വദേശികളായ അനസ് (25), ഷാഹിൽ (30) എന്നിവരെയാണ് വൈത്തിരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പരിശോധനയ്ക്കായി കാർ തടഞ്ഞപ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന ഷാഹിൽ ഇറങ്ങിയോടിയെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായവരിൽ അബൂബക്കർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർമാരായ സജേഷ് സി. ജോസ്, എൻ. ഹരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കെ.എൽ 11 പി 9695 നമ്പർ കാർ തടഞ്ഞപ്പോൾ നടന്ന നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് സംഘം വലയിലായത്. ഒന്നാം പ്രതിയായ അബൂബക്കറിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് പോളിത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post ലക്കിടിയിൽ പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ appeared first on Express Kerala.



