
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറ് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. 10,13,14 വയസ്സുള്ള ആൺകുട്ടികളാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ കുട്ടിക്കും കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്.
ജനുവരി 18-ന് വൈകുന്നേരമാണ് സംഭവം നടന്നത്. പിതാവിനൊപ്പം പുറത്തുപോയി മിഠായി വാങ്ങി മടങ്ങുകയായിരുന്നു പെൺകുട്ടി. വീട്ടിലേക്കുള്ള വഴിയിൽ പിതാവ് കുട്ടിയെ ഇറക്കിവിട്ട സമയത്താണ് പ്രതികൾ സമീപിച്ചത്. ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കുട്ടിയുടെ കൈകൾ കെട്ടിയിടുകയും വായ മൂടിക്കെട്ടുകയും ചെയ്ത ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
Also Read: പരാതി നൽകാനെത്തിയ യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; പോലീസുകാരനെതിരേ പരാതി
രക്തസ്രാവത്തോടെ അവശനിലയിലാണ് പെൺകുട്ടി വീട്ടിലെത്തിയത്. ഭയം കാരണം ആദ്യം വീണതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ബോധരഹിതയായി. മുഖത്ത് വെള്ളമൊഴിച്ച് ഉണർത്തിയ ശേഷം മാതാപിതാക്കൾ കൂടുതൽ ചോദിച്ചപ്പോഴാണ് അയൽവാസിയായ 13-കാരനും മറ്റ് രണ്ട് ആൺകുട്ടികളും ചേർന്ന് നടത്തിയ ക്രൂരത കുട്ടി വെളിപ്പെടുത്തിയത്. നിലവിൽ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് ഡൽഹി പോലീസ് കേസെടുത്തു.
The post ഡൽഹിയിൽ ആറ് വയസ്സുകാരിക്ക് നേരെ കൂട്ടബലാത്സംഗം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ, രണ്ട് പേർ പിടിയിൽ appeared first on Express Kerala.



