
പത്മഭൂഷൺ പുരസ്കാര നേട്ടത്തിന് പിന്നാലെ ‘പദയാത്ര’യുടെ ലൊക്കേഷനിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഹൃദ്യമായ സ്വീകരണം. 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സിനിമാ ലോകത്തെ ഈ അമൂല്യ നേട്ടം ആഘോഷിച്ചത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി മമ്മൂട്ടിയെ സ്വീകരിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഗ്രേസ് ആന്റണി, ഇന്ദ്രൻസ് എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്. അടൂർ ചിത്രങ്ങളിലൂടെ മമ്മൂട്ടി നേരത്തെ രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായ പദയാത്രയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അടൂരും കെ.വി മോഹൻകുമാറും ചേർന്നാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
The post പത്മഭൂഷൺ തിളക്കത്തിൽ മമ്മൂട്ടി; ‘പദയാത്ര’ ലൊക്കേഷനിൽ പൊന്നാടയണിയിച്ച് ആദരിച്ച് അടൂർ ഗോപാലകൃഷ്ണൻ appeared first on Express Kerala.



