
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. “വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്” എന്ന ഡയലോഗ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചത്. എത്ര കാലം കള്ളക്കേസിൽ അകത്തിട്ടാലും സത്യം തെളിയിച്ച് അവൻ തിരിച്ചു വരുമെന്നും അദ്ദേഹം കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നതിനിടെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ നേരത്തെ അറസ്റ്റിലായിരുന്നു. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, കോടതിയുടെ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും അതിജീവിതയെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. ഇതിനെതിരെ പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് പത്തനംതിട്ട സെഷൻസ് കോടതി എം.എ.എയ്ക്ക് ജാമ്യം നൽകിയത്. രണ്ടാഴ്ചയിലേറെയായി രാഹുൽ ജയിലിൽ കഴിയുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കാട്ടി അതിജീവിത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
The post ‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ appeared first on Express Kerala.



