
ബെംഗളൂരു: ദമ്പതികൾ ചായ കുടിക്കാൻ പുറത്തിറങ്ങിയ രണ്ട് മണിക്കൂറിനുള്ളിൽ വീട് കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. ബെംഗളൂരുവിലെ എച്ച്.ആർ.ബി.ആർ ലേഔട്ടിലെ രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന ബാലാജി എന്ന സോഫ്റ്റ്‌വെയർ എൻജിനീയറുടെ ഫ്ലാറ്റിലാണ് വൻ കവർച്ച നടന്നത്.
ശനിയാഴ്ച വൈകുന്നേരം 4.30-നും 6.30-നും ഇടയിലായിരുന്നു സംഭവം. ബാലാജിയും ഭാര്യയും വീട് പൂട്ടി തൊട്ടടുത്തുള്ള കഫേയിലേക്ക് ചായ കുടിക്കാൻ പോയതായിരുന്നു. ആറരയോടെ തിരിച്ചെത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഏകദേശം 250 ഗ്രാം സ്വർണ്ണാഭരണങ്ങളും 300 ഗ്രാം വെള്ളിയും പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന വെള്ളി പാത്രങ്ങളുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപ്പാർട്ട്‌മെന്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
The post ചായ കുടിക്കാൻ പോയത് 2 മണിക്കൂർ; ടെക്കി ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് കവർന്നത് 30 ലക്ഷത്തിന്റെ ആഭരണങ്ങൾ appeared first on Express Kerala.



