loader image
സാമ്പത്തിക സർവേ ഇന്ന് സഭയിൽ; പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു

സാമ്പത്തിക സർവേ ഇന്ന് സഭയിൽ; പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായി സമർപ്പിക്കപ്പെടുന്ന ഈ റിപ്പോർട്ടിൽ, വരാനിരിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന ശുഭസൂചനയുള്ളതായാണ് വിവരം. കഴിഞ്ഞ വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികൾ വിശദമായി വിശകലനം ചെയ്യുന്ന ഈ രേഖ ബജറ്റ് പ്രഖ്യാപനങ്ങളിൽ നിർണ്ണായകമാകും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണുന്നുണ്ട്.

ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമായത്. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയ രാഷ്ട്രപതി, അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയ സർക്കാരിനെ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ “വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” എന്ന വചനങ്ങൾ ഉദ്ധരിച്ചതും ശ്രദ്ധേയമായി.

See also  ആറ് നൂറ്റാണ്ടുകൾക്ക് ശേഷം സിലിക്കൺ വിപ്ലവത്തിന് മുന്നേയുള്ള ‘സൂപ്പർ ഷിപ്പ്’ പുറത്തേക്ക്; മധ്യകാല വ്യാപാര ചരിത്രം മാറ്റിയെഴുതി ‘സ്വാൽഗെറ്റ് 2’

Also Read; അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ

നയപ്രഖ്യാപന വേളയിൽ പുതിയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പരാമർശിച്ചപ്പോൾ സഭയിൽ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധം അരങ്ങേറി. പഴയ പദ്ധതി തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ തുടക്കം മുതൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന മാനുഷിക സേവനങ്ങളെയും നയതന്ത്ര ഇടപെടലുകളെയും കുറിച്ചുള്ള വാക്കുകളോടെയാണ് രാഷ്ട്രപതി തന്റെ പ്രസംഗം ഉപസംഹരിച്ചത്.

The post സാമ്പത്തിക സർവേ ഇന്ന് സഭയിൽ; പാർലമെന്റ് ബജറ്റ് സമ്മേളനം തുടരുന്നു appeared first on Express Kerala.

Spread the love

New Report

Close