
സംസ്ഥാനത്തെ ഓട്ടോറിക്ഷാ മേഖലയുടെ ഉന്നമനത്തിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. പഴയ പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് പകരം ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൂടാതെ, ഇ-ഓട്ടോ വാങ്ങാൻ ബാങ്ക് വായ്പ എടുക്കുന്നവർക്ക് പലിശയിൽ രണ്ട് ശതമാനം ഇളവും സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതികൾക്കായി മാത്രം 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ ഓട്ടോ സ്റ്റാൻഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ‘സ്മാർട്ട് മൈക്രോ ഹബ്ബ്’ എന്ന നൂതന പദ്ധതിയും സർക്കാർ ആവിഷ്കരിച്ചു. കേരളത്തിലുടനീളമുള്ള അയ്യായിരത്തിലധികം അനൗദ്യോഗിക ഓട്ടോ സ്റ്റാൻഡുകളെ തൊഴിലാളി സൗഹൃദമായ സ്മാർട്ട് സ്റ്റാൻഡുകളാക്കി മാറ്റും. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഇത്തരം ഹബ്ബുകളിൽ ഒരുക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
Also Read: എം.സി റോഡ് നാലുവരിയാക്കുന്നു! ആദ്യഘട്ടത്തിന് 5,217 കോടി; ബജറ്റിൽ വൻ ഗതാഗത വികസന പദ്ധതി
പരമ്പരാഗത ഇന്ധനങ്ങളിൽ നിന്ന് ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ചാർജിങ് സ്റ്റേഷനുകൾ സ്റ്റാൻഡുകളിൽ തന്നെ ലഭ്യമാകുന്നതോടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രായോഗികമാകും. തൊഴിലാളികളുടെ ക്ഷേമവും ഒപ്പം പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയാണ് ഗതാഗത മേഖലയിലെ ഈ പുതിയ ബജറ്റ് നിർദ്ദേശങ്ങൾ.
The post ഓട്ടോ തൊഴിലാളികൾക്ക് കൈത്താങ്ങ്! ഇ-ഓട്ടോ വാങ്ങാൻ 40,000 രൂപ ബോണസ്; സ്റ്റാൻഡുകൾ സ്മാർട്ടാകും appeared first on Express Kerala.



