
അണ്ടർ 19 ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഐസിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്തെത്തി. ടൂർണമെന്റിലെ മത്സരക്രമവും തുടർച്ചയായ യാത്രകളും താരങ്ങളെ തളർത്തിയതാണ് ടീമിന്റെ തോൽവിക്ക് പ്രധാന കാരണമെന്ന് ബിസിബി പ്രതിനിധി ഹബിബുൽ ബാഷർ കുറ്റപ്പെടുത്തി. ടി20 ലോകകപ്പ് വേദിയെച്ചൊല്ലി ബംഗ്ലദേശും ഐസിസിയും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.
ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരായ നിർണ്ണായക മത്സരങ്ങളിൽ ടീമിന് നേരിട്ട തിരിച്ചടിക്ക് പിന്നിൽ സംഘാടനത്തിലെ പിഴവുകളാണെന്ന് ഹബിബുൽ ബാഷർ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള മത്സരത്തിന് മുൻപ് താരങ്ങളുടെ ക്ഷീണം കുറയ്ക്കാൻ സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവാക്കി വിമാന ടിക്കറ്റുകൾ എടുത്താണ് ടീം യാത്ര ചെയ്തത്. ഐസിസി നിശ്ചയിച്ചിരുന്ന ബസ് യാത്ര താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുമായിരുന്നു എന്നതിനാലാണ് ഇത്തരമൊരു നടപടി വേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സരക്രമത്തിൽ ബംഗ്ലദേശിനോട് വലിയ അനീതിയാണ് കാട്ടിയതെന്നും ബിസിബി ആരോപിക്കുന്നു. ആദ്യത്തെ ഷെഡ്യൂൾ പ്രകാരം നിശ്ചയിച്ചിരുന്ന സന്നാഹ മത്സരങ്ങൾ ഐസിസി പിന്നീട് മാറ്റിയതോടെ യാത്രാ ദൂരം വർധിച്ചു. നാല് മണിക്കൂർ ബസ് യാത്ര ചെയ്ത് പ്രധാന മത്സരങ്ങൾക്ക് എത്തേണ്ടി വന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. ഇക്കാര്യത്തിൽ പരാതിപ്പെട്ടെങ്കിലും ഐസിസി അധികൃതർ അത് കേൾക്കാൻ തയ്യാറായില്ലെന്ന് ബാഷർ ഒരു ബംഗ്ലദേശ് മാധ്യമത്തോട് പറഞ്ഞു.
യാത്രാ സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകൾക്ക് ലഭിച്ച പരിഗണന തങ്ങൾക്ക് ലഭിച്ചില്ലെന്ന പരാതി ബംഗ്ലദേശ് പരിശീലകൻ നവീദ് നവാസിനും താരങ്ങൾക്കുമുണ്ട്. യാത്രാ ക്ലേശത്തെച്ചൊല്ലി നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് അസ്വസ്ഥരായിരുന്നു. ഐസിസിയുടെ പക്ഷപാതപരമായ നിലപാടുകളാണ് അണ്ടർ 19 ലോകകപ്പിൽ ബംഗ്ലദേശിന്റെ പതനത്തിന് കാരണമായതെന്നാണ് ബിസിബിയുടെ പക്ഷം.
The post ബംഗ്ലദേശ് പുറത്തായതിന് പിന്നിൽ ഐസിസി? മത്സരക്രമത്തിൽ ചതി നടന്നുവെന്ന് ബിസിബി; വിമാന ടിക്കറ്റ് എടുത്തത് സ്വന്തം ചിലവിൽ! appeared first on Express Kerala.



