
സംസ്ഥാനത്ത് അപകടങ്ങളിൽപ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യ അഞ്ച് ദിവസത്തേക്ക് പണരഹിത ചികിത്സ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികൾക്കും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിക്കായി 15 കോടി രൂപയാണ് വകയിരുത്തിയത്. കൂടാതെ, ഒന്നാം ഘട്ടം പൂർത്തിയാക്കിയ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ പാക്കേജുകളോടും ആശുപത്രികളോടും കൂടി ‘മെഡിസെപ്പ് 2.0’ എന്ന പേരിൽ ഫെബ്രുവരി ഒന്നാം തീയതി മുതൽ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമായി വിപുലമായ ഇൻഷുറൻസ് പരിരക്ഷയാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി 15 കോടി രൂപ ചെലവിൽ അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. കൂടാതെ ഹരിതകർമസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ എന്നിവർക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമായി മെഡിസെപ്പ് മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ഇരുട്ടില്ലാത്ത കേരളം; ലോഡ്ഷെഡിങ് മുക്തമായ പത്ത് വർഷം, കെ.എസ്.ഇ.ബിക്ക് 1238 കോടി
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരാത്ത കുടുംബങ്ങൾക്കായി കുറഞ്ഞ പ്രീമിയത്തിൽ ചേരാവുന്ന പുതിയ ഇൻഷുറൻസ് പദ്ധതിയും ബജറ്റിലുണ്ട്. ഇതിനായി 50 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ചെലവ് കുറഞ്ഞ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാനുള്ള നീക്കം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. കേന്ദ്ര അവഗണനകൾക്കിടയിലും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
The post അപകടചികിത്സയ്ക്ക് 5 ദിവസം സൗജന്യ സേവനം; മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നു മുതൽ appeared first on Express Kerala.



