loader image
ബംഗാളിൽ നിപ്പ സ്ഥിരീകരിച്ചു! ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത ജാഗ്രത; കേരളവും കരുതലിൽ

ബംഗാളിൽ നിപ്പ സ്ഥിരീകരിച്ചു! ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത ജാഗ്രത; കേരളവും കരുതലിൽ

ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. സിംഗപ്പുർ, തായ്‌ലൻഡ്, ഹോങ്കോങ്, മലേഷ്യ എന്നീ രാജ്യങ്ങളാണ് നിരീക്ഷണ പരിധി വർധിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി സിംഗപ്പുർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. 2025 ഡിസംബർ അവസാനത്തോടെ രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് ബംഗാളിൽ രോഗബാധയുണ്ടായത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരുകയാണ്.

ബംഗാളിൽ നിന്നുള്ള ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ജോലിക്കായി എത്തുന്നതിനാൽ കേരളത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. വവ്വാലുകൾ, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ രോഗാണു മനുഷ്യരിലേക്ക് എത്തുന്നത്. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയോ, രോഗബാധയുള്ള മൃഗങ്ങളുടെ സ്രവങ്ങളുമായോ കാഷ്ഠവുമായോ സമ്പർക്കമുണ്ടാകുമ്പോഴോ വൈറസ് ബാധിക്കാം. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് തുമ്മൽ, ചുമ എന്നിവയിലൂടെയും സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്.

Also Read: ബിജെപിക്ക് 20 ലക്ഷം രൂപ പിഴ; നടപടിയെടുത്ത ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം, നഗരസഭയിൽ ഉദ്യോഗസ്ഥ അഴിച്ചുപണി

See also  നിയമസഭാ തെരഞ്ഞെടുപ്പ്! എംപിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കുക എഐസിസിയെന്ന് സണ്ണി ജോസഫ്

രോഗം പടരാതിരിക്കാൻ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത്തരം പഴങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നാൽ കൈകൾ സോപ്പിട്ടു നന്നായി കഴുകണം. വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ സോപ്പുവെള്ളത്തിൽ കഴുകി ഉപയോഗിക്കുന്നത് വൈറസ് നശിക്കാൻ സഹായിക്കും. വവ്വാലുകൾ കൂടുതലായുള്ള സ്ഥലങ്ങളിൽ തുറന്നുവെച്ച കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

രോഗം സ്ഥിരീകരിച്ചാൽ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും കൈകൾ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും പ്രത്യേകം സൂക്ഷിക്കുകയും കഴുകുകയും ചെയ്യേണ്ടത് രോഗവ്യാപനം തടയാൻ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പോലെ വ്യാപകമായി പടരുന്നില്ലെങ്കിലും നിപ്പയുടെ മാരക സ്വഭാവം കണക്കിലെടുത്ത് വ്യക്തിശുചിത്വവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

The post ബംഗാളിൽ നിപ്പ സ്ഥിരീകരിച്ചു! ഏഷ്യൻ രാജ്യങ്ങളിൽ കടുത്ത ജാഗ്രത; കേരളവും കരുതലിൽ appeared first on Express Kerala.

See also  തിയേറ്ററിൽ തരംഗമായി അനശ്വരയുടെ ‘ചാമ്പ്യൻ’! നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു
Spread the love

New Report

Close