
ചെന്നൈ അഡയാറിൽ ബിഹാർ സ്വദേശിയായ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ഗൗരവ് കുമാറിന്റെ ഭാര്യയെയും രണ്ട് വയസ്സുള്ള മകനെയും പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഗൗരവിന്റെ സുഹൃത്തുക്കളായ അഞ്ച് ബിഹാർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി തേടി ഈ മാസം 21-നാണ് ഗൗരവും കുടുംബവും ചെന്നൈയിൽ എത്തിയത്.
ഗൗരവിന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗൗരവിനെ കൊലപ്പെടുത്തിയ ശേഷം സംഘം ഭാര്യയെ പീഡിപ്പിക്കുകയും തുടർന്ന് കൊല്ലുകയുമായിരുന്നു. ഇവരുടെ രണ്ട് വയസ്സുള്ള മകനെ നിലത്തടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മധ്യകൈലാസിന് സമീപം ഉപേക്ഷിച്ചു. മൃതദേഹങ്ങൾ ചാക്കിലാക്കി വിവിധയിടങ്ങളിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത പൊലീസ്, യുവതിയുടെ മൃതദേഹത്തിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
Also Read: മകളെക്കൊണ്ട് കള്ളം പറയിച്ച് അച്ഛനെ കുടുക്കി; 48-കാരന്റെ ശിക്ഷ റദ്ദാക്കി മദ്രാസ് ഹൈക്കോടതി
കഴിഞ്ഞ ചൊവ്വാഴ്ച അഡയാറിലെ അപ്പാർട്ട്മെന്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്. രണ്ട് പേർ ഇരുചക്രവാഹനത്തിൽ ചാക്കുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. യുവതിയുടെ മൃതദേഹം പെരുങ്കുടിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെ വിശദമായ പരിശോധന തുടരുകയാണ്.
The post ലൈംഗികാതിക്രമം തടഞ്ഞതിന് പകരം വീട്ടൽ; യുവാവിനെയും ഭാര്യയെയും കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു appeared first on Express Kerala.



