
അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് കളമശ്ശേരിയിൽ നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ പ്രവർത്തനസജ്ജമായി. ഫെബ്രുവരി 9-ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്ന് 12 ഏക്കറിലായി 6.40 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കൂറ്റൻ സമുച്ചയം ഒരുങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ സമാന ചികിത്സാ കേന്ദ്രങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കെട്ടിടമെന്ന ഖ്യാതിയും ഈ കേന്ദ്രത്തിന് സ്വന്തമാകും.
നാല് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിൽ അത്യാധുനികമായ ഒ.പി വിഭാഗം, എം.ആർ.ഐ, സി.ടി സ്കാൻ, കീമോതെറാപ്പി യൂണിറ്റുകൾ, ശസ്ത്രക്രിയാ തിയേറ്ററുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സി ബ്ലോക്കിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ജനിതക ഗവേഷണ പരീക്ഷണശാലയും പ്രവർത്തിക്കും. രോഗികൾക്കൊപ്പം എത്തുന്നവർക്കായി 132 പേർക്ക് താമസിക്കാൻ കഴിയുന്ന അമിനിറ്റി സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2018-ൽ തറക്കല്ലിട്ട പദ്ധതിക്ക് കിഫ്ബി വഴി 373 കോടി രൂപയാണ് ആകെ ചെലവിട്ടത്.
Also Read: കൃഷിയിൽ പുത്തൻ ഉണർവ്; കാർഷിക മേഖലയ്ക്ക് 2000 കോടി, കേര വികസനത്തിന് വൻ തുക
സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനായി 159 പുതിയ തസ്തികൾ സർക്കാർ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെ രോഗികൾക്ക് പ്രധാന റഫറൽ കേന്ദ്രമായി ഈ സ്ഥാപനം മാറും. മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ വിഭാഗങ്ങളിലായി ഒരേസമയം 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. പുതിയ കെട്ടിടം തുറക്കുന്നതോടെ നിലവിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗവും എല്ലാ യന്ത്രസാമഗ്രികളും പൂർണ്ണമായും ഇവിടേക്ക് മാറ്റി പ്രവർത്തനം വിപുലീകരിക്കും.
The post കൊച്ചിൻ കാൻസർ സെന്റർ യാഥാർത്ഥ്യമാകുന്നു! ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Express Kerala.



