
മലപ്പുറം വഴിക്കടവിൽ പോലീസും ലഹരിവിരുദ്ധ സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് ആനമറിയിൽ വെച്ച് പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വിൽപനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ലഹരി മാഫിയകൾക്കിടയിൽ ‘മുരുകൻ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലിജു, ജില്ലയിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് നേരിട്ട് രാസലഹരി എത്തിക്കുന്ന ഇയാൾ ഗ്രാമിന് 3,500 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. പിടികൂടിയ എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ മുൻപും എക്സൈസിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ലഹരിക്കടത്ത് തടയാൻ അതിർത്തി മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
The post വഴിക്കടവിൽ വൻ ലഹരിവേട്ട! 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ appeared first on Express Kerala.



