
മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിനെ (66) ജന്മനാടായ ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. ദേശീയ പതാകയിൽ പൊതിഞ്ഞ മൃതദേഹം കേറ്റ്വാഡിയിലെ വസതിയിൽ നിന്നും വിലാപയാത്രയായാണ് സംസ്കാര ചടങ്ങുകൾക്കായി ബാരാമതിയിലെത്തിച്ചത്. മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എംഎൻഎസ് മേധാവി രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖരും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി.
കഴിഞ്ഞ ദിവസം രാവിലെ പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലിയർജെറ്റ് വിമാനം തകർന്നുവീണാണ് അജിത് പവാർ അന്തരിച്ചത്. ലാൻഡിംഗിന് തൊട്ടുമുമ്പ് നടന്ന ഈ ദാരുണ അപകടത്തിൽ പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാർ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്, അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ എന്നിവരും മരണപ്പെട്ടിരുന്നു. അപകടത്തെത്തുടർന്ന് പവാർ മുൻപ് വിമാനയാത്രയെക്കുറിച്ച് പങ്കുവെച്ച കുറിപ്പുകളും വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ജീവനക്കാരുടെ അവസാന വാക്കുകളും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
പ്രിയനേതാവിന്റെ അന്ത്യയാത്രയിൽ ബാരാമതി വികാരാധീനമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. “അജിത് ദാദാ അമർ രഹേ”, “അജിത് ദാദാ ദയവായി തിരിച്ചുവരൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യ പ്രതിഷ്ഠാൻ സ്‌പോർട്‌സ് ഗ്രൗണ്ടിൽ അനുയായികൾ തടിച്ചുകൂടി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ഒരു നേതാവിന്റെ അപ്രതീക്ഷിത വിയോഗം സംസ്ഥാനത്തുടനീളം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
The post അജിത് പവാറിന് വിട! ബാരാമതിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; വിങ്ങലായി ‘അജിത് ദാദാ അമർ രഹേ’ വിളികൾ appeared first on Express Kerala.



