
ഡൽഹി: ഏറെ നാളുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ പുകഞ്ഞുകൊണ്ടിരുന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മുതിർന്ന നേതാവ് ശശി തരൂർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. സി.പി.എമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകളെ പൂർണ്ണമായും തള്ളിയ തരൂർ, താൻ കോൺഗ്രസിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി. ഡൽഹിയിൽ വെച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. പാർട്ടിയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും താനും നേതൃത്വവും ഒരേ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തരൂർ ഇടത് പാളയത്തിലേക്ക് ചേക്കേറുന്നു എന്ന തരത്തിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ദുബായിലെ ഒരു പ്രമുഖ വ്യവസായി വഴി സി.പി.എം നേതൃത്വവുമായി തരൂർ ആശയവിനിമയം നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നത് എന്ന് തനിക്കറിയില്ലെന്നും ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും തരൂർ പരിഹസിച്ചു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ പൂർണ്ണ തൃപ്തനാണെന്നും മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞതായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി താൻ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Also Read: പൂച്ച പെറ്റുകിടക്കുന്ന ഖജനാവും ഗീർവാണ പ്രസംഗവും!; ബജറ്റിനെ കടന്നാക്രമിച്ച് വി.ഡി. സതീശൻ
മഹാപഞ്ചായത്തിൽ വെച്ച് രാഹുൽ ഗാന്ധി ശശി തരൂരിന് കൈകൊടുക്കാൻ വിമുഖത കാട്ടിയെന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തരൂർ പാർട്ടിയിൽ അപമാനിതനായെന്ന വികാരം ശക്തമായത്. ഈ വിടവ് മുതലെടുത്ത് തരൂരിനെ ഒപ്പം കൂട്ടാൻ സി.പി.എം ചാണക്യനീക്കങ്ങൾ നടത്തിയിരുന്നു. ഇടത് നിലപാടുകളോട് യോജിക്കുന്ന ആർക്കും എൽ.ഡി.എഫിലേക്ക് വരാമെന്ന മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയും ഇതിന് ആക്കം കൂട്ടി. എന്നാൽ ഹൈക്കമാൻഡ് ഇടപെട്ട് പരാതികൾ പരിഹരിച്ചതോടെ, ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ട് തരൂർ കോൺഗ്രസിന്റെ മുൻനിര പോരാളിയായി തുടരുമെന്ന് ഇതോടെ ഉറപ്പായി.
The post അപമാനിച്ചിട്ടില്ല, പരിഭവങ്ങളുമില്ല; രാഹുൽ ഗാന്ധിക്കൊപ്പം ഒരേ ദിശയിലെന്ന് ശശി തരൂർ! ദുബായ് ചർച്ചാ വാർത്തകൾ തള്ളി appeared first on Express Kerala.



