
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിനായി യുജിസി കൊണ്ടുവന്ന ‘പ്രമോഷൻ ഓഫ് ഇക്വിറ്റി 2026’ റെഗുലേഷൻ സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ അവ്യക്തമാണെന്നും ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ചട്ടങ്ങൾ പുനർരൂപകൽപ്പന ചെയ്യാൻ നിർദ്ദേശിച്ചത്. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് മാത്രം പ്രത്യേക സംരക്ഷണം നൽകുകയും ജനറൽ വിഭാഗത്തിന് ഇത് നിഷേധിക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന വാദം കോടതി പരിശോധിച്ചു.
വിഷയം വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലെ രൂപത്തിൽ ഇത് നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങൾ സ്റ്റേ ചെയ്ത സാഹചര്യത്തിൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള 2012-ലെ യുജിസി റെഗുലേഷൻസ് തന്നെ തുടരാൻ കോടതി ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പുതിയ പരിഷ്കാരം സുപ്രീം കോടതിയുടെ ഇടപെടലോടെ താൽക്കാലികമായി നിലച്ചിരിക്കുകയാണ്.
The post യുജിസി ‘പ്രമോഷൻ ഓഫ് ഇക്വിറ്റി 2026’ റെഗുലേഷൻ സുപ്രീം കോടതി സ്റ്റേ ചെയ്തു appeared first on Express Kerala.



