
ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ട് വരാതിരിക്കുന്ന പ്രവണത തടയാൻ കർശന നടപടികളുമായി ഹൈക്കോടതി. ബുക്കിംഗ് ഫീസ് കുത്തനെ ഉയർത്താനാണ് കോടതിയുടെ ആലോചന. നിലവിൽ വെറും 5 രൂപ മാത്രം ചെലവുള്ളതിനാൽ പലരും സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുകയും പിന്നീട് ദർശനത്തിന് എത്താതിരിക്കുകയും ചെയ്യുന്നു. ഇത് ശരിക്കും ദർശനം ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കുന്നതായി സ്പെഷ്യൽ കമ്മിഷണർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ തീർത്ഥാടന കാലത്ത് മണിക്കൂറുകൾക്കകം ബുക്കിംഗ് പൂർത്തിയായെങ്കിലും പല ദിവസങ്ങളിലും പകുതിയോളം പേർ എത്തിയിരുന്നില്ല. ഈ ദുരവസ്ഥ ഒഴിവാക്കാൻ ബുക്കിംഗ് തുക വർധിപ്പിക്കണമെന്നാണ് പ്രധാന ശുപാർശ. ദർശനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് ഈ തുകയുടെ ഒരു ഭാഗം തിരികെ നൽകുന്ന രീതിയും കോടതി പരിഗണിക്കുന്നുണ്ട്. തുക നഷ്ടപ്പെടുമെന്ന ഭയം വന്നാൽ അനാവശ്യ ബുക്കിംഗുകൾ കുറയുമെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബറിന് മുൻപ് തന്നെ വെർച്വൽ ക്യൂ പരിഷ്കരണങ്ങളിൽ വ്യക്തത വരുത്താൻ ലക്ഷ്യമിടുന്ന കോടതി, സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് തേടിയിട്ടുണ്ട്. തുക മടക്കി നൽകുന്നത് പ്രായോഗികമായി വെല്ലുവിളിയാണെങ്കിലും, വരാനിരിക്കുന്ന സീസണിൽ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങൾ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
The post ശബരിമല വെർച്വൽ ക്യൂവിൽ ‘ബുക്ക് ചെയ്ത് മുങ്ങുന്നവർ’ കുടുങ്ങും; ഫീസ് വർധിപ്പിക്കാൻ നീക്കം appeared first on Express Kerala.



