
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിലെ ലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ടി എസ് ലവ്‌ലജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങളായി കൊണ്ടുനടന്ന താടി മാറ്റിയുള്ള പുത്തൻ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യൂണിഫോം ധരിച്ച്, എന്നാൽ വളരെ ലളിതമായ ഭാവത്തിലുള്ള ഒരു പൊലീസുകാരനെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാവുക. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയതുപോലെ, ഷർട്ടിന്റെ ഇൻസെർട്ട് അഴിച്ച് ഒരു കൈയിൽ ബൂട്ടുകളും പിടിച്ച് ചെരിപ്പിട്ട് നിൽക്കുന്ന മോഹൻലാൽ ആരാധകരുടെ മനം കവരുകയാണ്. “മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം” എന്നാണ് അണിയറപ്രവർത്തകർ ഈ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
Also Read: ‘എണ്ണ തേപ്പിക്കല്ലേ ബാൽ ഗോപാലേട്ടാ’! ബജറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ജോയ് മാത്യുവിന്റെ ട്രോൾ
തൊടുപുഴയുടെ പശ്ചാത്തലത്തിൽ എൽ 366
മോഹൻലാലിന്റെ കരിയറിലെ 366-ാം ചിത്രമായ ഇതിന് ‘എൽ 366’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ‘ദൃശ്യം 3’ ന് ശേഷം മോഹൻലാൽ വീണ്ടും തൊടുപുഴയിൽ ഷൂട്ടിംഗിനായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.
രതീഷ് രവിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജേക്സ് ബിജോയ് ആണ്. ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബിനു പപ്പു സഹസംവിധായകനായി എത്തുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
The post താടി മാറ്റി പുത്തൻ ലുക്കിൽ ലാലേട്ടൻ! എൽ 366 ഫസ്റ്റ് ലുക്ക് തരംഗമാകുന്നു appeared first on Express Kerala.



