
കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ കുതിപ്പേകി 3,795 കോടി രൂപയുടെ ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് മികച്ച പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാനത്തെ റെയിൽവേ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങളും പുറത്തുവിട്ടു. പാത ഇരട്ടിപ്പിക്കൽ മുതൽ ശബരി റെയിൽവേ വരെയുള്ള നിർണ്ണായക പദ്ധതികൾക്ക് വരും വർഷങ്ങളിൽ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം നൽകുന്ന സൂചന.
സംസ്ഥാനത്തെ പ്രധാന പാതകളിലെല്ലാം മൂന്നും നാലും വരികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മംഗലാപുരം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍-എറണാകുളം തുടങ്ങിയ റൂട്ടുകളിൽ പുതിയ പാതകൾക്കായുള്ള ഫീൽഡ് സർവേകളും ഡി.പി.ആർ നടപടികളും അന്തിമഘട്ടത്തിലാണ്. എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം എന്നീ പാതകളിൽ മൂന്നാം വരി നിർമ്മിക്കുന്നതിനുള്ള ട്രാഫിക് സർവേ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന അങ്കമാലി-ശബരി പാതയ്ക്കായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു എന്നത് ഭക്തർക്കും യാത്രക്കാർക്കും ഒരുപോലെ ആശ്വാസകരമാണ്.
Also Read: കേരളത്തിന് എയിംസ് നൽകില്ലെന്ന് കേന്ദ്രത്തിന്റെ വാശി! ബജറ്റിൽ കടുത്ത അവഗണനയെന്ന് വീണാ ജോർജ്
ഗുരുവായൂർ-തിരുനാവായ പാതയ്ക്കായി 1,975 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാൻ സ്ഥലമേറ്റെടുക്കൽ നടപടികളിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ പിന്തുണ ആവശ്യമാണെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ, സംസ്ഥാനത്ത് 105 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. മെട്രോമാൻ ഇ. ശ്രീധരനുമായി കേരളത്തിലെ റെയിൽവേ വികസനങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽപാതയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മന്ത്രി കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
The post കേരളത്തിന് റെയിൽവേയുടെ 3,795 കോടി! ശബരി പാതയും മൂന്നാം വരിയും യാഥാർത്ഥ്യത്തിലേക്ക് appeared first on Express Kerala.




