
ഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിലുണ്ടായ കനത്ത പ്രതിഷേധത്തെത്തുടർന്ന് എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. സഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്ക് പുറമെ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജിത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നീ കോൺഗ്രസ് എംപിമാരും സിപിഎം അംഗം സു വെങ്കിടേശനുമാണ് സസ്പെൻഷനിലായത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുമായുള്ള വ്യാപാര കരാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷം സഭയിൽ ശക്തമായി രംഗത്തുവരികയായിരുന്നു. കരാറിലെ ദുരൂഹതകൾ സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ രണ്ടുതവണ നിർത്തിവെക്കേണ്ടി വന്നു. പ്രതിഷേധം നിയന്ത്രണാതീതമായതോടെയാണ് എട്ട് എംപിമാർക്കെതിരെ സ്പീക്കർ അച്ചടക്ക നടപടി സ്വീകരിച്ചത്.
Also Read: പ്രധാനമന്ത്രി മോദിയോ ട്രംപോ? ഇന്ത്യയെ ഇരുട്ടിൽ നിർത്തി കരാർ പ്രഖ്യാപിച്ചതിനെതിരെ ജോൺ ബ്രിട്ടാസ്
അതേസമയം, സർക്കാരിന്റേത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സസ്പെൻഷനെ തനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ജനകീയ വിഷയങ്ങളിൽ ഇനിയും പ്രതിഷേധം തുടരുമെന്നും ഹൈബി ഈഡൻ പ്രതികരിച്ചു. നടപടി നേരിട്ട എട്ട് എംപിമാരും നാളെ രാവിലെ 11 മണിക്ക് പാർലമെന്റിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
The post വാണിജ്യ കരാറിനെച്ചൊല്ലി ലോക്സഭയിൽ വൻ പ്രതിഷേധം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം എട്ട് എംപിമാർക്ക് സസ്പെൻഷൻ appeared first on Express Kerala.




