
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക ഡി.സി.സി. നേതൃത്വം കെ.പി.സി.സിക്ക് കൈമാറി. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ തിരുവനന്തപുരത്തെത്തി ചർച്ചകൾ നടത്തിയത്. ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ ബാലുശ്ശേരിയിൽ മുൻ എം.പി രമ്യാ ഹരിദാസിനാണ് പ്രഥമ പരിഗണനയെങ്കിലും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ഉൾപ്പെടെയുള്ളവരുടെ പേരുകളും പട്ടികയിലുണ്ട്. എലത്തൂരിൽ വിദ്യാ ബാലകൃഷ്ണനും കൊയിലാണ്ടിയിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിനുമാണ് നിലവിൽ മുൻതൂക്കം.
നോർത്ത് മണ്ഡലത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന്റെ പേരും നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പേരുമാണ് സജീവ പരിഗണനയിലുള്ളത്. അതേസമയം, സീറ്റ് വെച്ചുമാറ്റ ചർച്ചകൾ സജീവമായ തിരുവമ്പാടി മണ്ഡലത്തിൽ ലീഗ് വിട്ടുനൽകുകയാണെങ്കിൽ വി.എം. ജോയിയോ പൊതുസ്വതന്ത്രനായി ഗിരീഷ് ജോണോ സ്ഥാനാർത്ഥിയായേക്കും. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം സ്ക്രീനിങ് കമ്മിറ്റിയുടെ ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ. സ്ഥാനാർത്ഥികളുടെ വിജയസാധ്യതയും പൊതുസമ്മതിയും മുൻനിർത്തിയുള്ള സർവേ ഫലങ്ങളും ഈ ഘട്ടത്തിൽ നിർണ്ണായകമാകും.
Also Read: കോട്ട തകർക്കാൻ വിജയ്; സേലത്ത് വൻ ശക്തിപ്രകടനത്തിനൊരുങ്ങി ടിവികെ
നിലവിൽ പല നേതാക്കളും സ്വയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്ന പ്രവണത കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അന്തിമ പട്ടിക പുറത്തിറക്കൂ എന്ന് നേതൃത്വം വ്യക്തമാക്കി. എം.കെ രാഘവൻ എം.പിക്ക് പുറമെ പി.എം നിയാസ്, കെ. ജയന്ത്, വിദ്യാ ബാലകൃഷ്ണൻ, കെ.സി അബു തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥാനാർഥി നിർണ്ണയ ചർച്ചകളിൽ പങ്കുചേരാൻ തലസ്ഥാനത്തുണ്ട്. വരും ദിവസങ്ങളിൽ സ്ക്രീനിങ് കമ്മിറ്റി കൂടുന്നതോടെ ജില്ലയിലെ സ്ഥാനാർഥി ചിത്രത്തിൽ കൂടുതൽ വ്യക്തത കൈവരും.
The post നിയമസഭാ പോരാട്ടത്തിന് കോഴിക്കോട് ഒരുങ്ങുന്നു! വിജയസാധ്യത തേടി സർവേകൾ; കോൺഗ്രസ് പട്ടികയിലെ പ്രമുഖർ ഇവരാണ് appeared first on Express Kerala.




