
മലബാർ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന വൻ സ്വർണ്ണക്കവർച്ച കേസിൽ അന്വേഷണം വഴിമുട്ടുന്നു. നൂറിലധികം പവൻ സ്വർണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ ടി.ടി. വിനോദൻ ഒളിവിലായിട്ട് നാല് മാസം പിന്നിടുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പാസ്‌പോർട്ട് ഇല്ലാത്തതിനാൽ പ്രതി രാജ്യത്തിന് പുറത്തുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ നിലവിൽ ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ പരാതിയിൽ മാത്രമാണ് അന്വേഷണം നടക്കുന്നത് എന്നത് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും ജാഗ്രതക്കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേസിൽ അറസ്റ്റുകൾ അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി മാർച്ച് ആദ്യവാരത്തിൽ ഇടക്കാല കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. സ്വർണ്ണം കൈമാറാൻ സഹായിച്ചവരടക്കമുള്ളവരെ ഉൾപ്പെടുത്തി സാക്ഷിപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എഫ്.ഐ.ആറിൽ പ്രതികളായ മറ്റ് മുൻ ഉദ്യോഗസ്ഥരെയും സാക്ഷികളാക്കി കേസ് വേഗത്തിൽ തീർപ്പാക്കാനാണ് നീക്കം. ഇടക്കാല കുറ്റപത്രത്തിന്റെ കരട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനായി അയച്ചിരിക്കുകയാണ്.
Also Read: കണ്ണൂരിൽ പക്ഷിപ്പനി ഭീതി; ചത്ത കാക്കയിൽ വൈറസ് സ്ഥിരീകരിച്ചു, ജാഗ്രത പാലിക്കാൻ നിർദ്ദേശം
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ വൻ ദുരൂഹതയുള്ളതായി ഇ.ഡി കണ്ടെത്തി. 2011-15 കാലയളവിൽ ഇയാളുടെ ആസ്തിയിൽ അസ്വാഭാവികമായ വർദ്ധനവുണ്ടായതും പുതിയ വീട് നിർമ്മിച്ചതുമെല്ലാം അന്വേഷണ പരിധിയിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ മുരാരി ബാബുവിന് കഴിഞ്ഞിട്ടില്ല. ക്രമക്കേടിലൂടെ സമ്പാദിച്ച പണം എവിടെയെല്ലാം നിക്ഷേപിച്ചു എന്നതിലാണ് ഇ.ഡി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
The post മലബാർ ദേവസ്വം സ്വർണ്ണക്കൊള്ള! ടി ടി വിനോദന്‍ ഒളിവില്‍ പോയിട്ട് നാല് മാസം appeared first on Express Kerala.




