ബെംഗളൂരു: മാതാപിതാക്കളുടെ വഴക്ക് കേട്ട് വീടുവിട്ടിറങ്ങിയ 13-കാരിയെയും 9 വയസ്സുകാരനായ അനുജനെയും ചിത്രദുർഗയിൽ നിന്ന് പോലീസ് കണ്ടെത്തി. ബെംഗളൂരുവിലെ മാറത്തഹള്ളിയിൽ നിന്ന് ഫെബ്രുവരി ഒന്നിനാണ് കുട്ടികൾ നാടുവിട്ടത്. കയ്യിൽ പണമില്ലാതിരുന്നിട്ടും ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ ബസിൽ യാത്ര ചെയ്തത്.
കർണാടകയിൽ സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ആധാർ കാർഡ് ഹാജരാക്കിയാൽ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന അറിവാണ് 13-കാരിക്ക് തുണയായത്. ഇതുപയോഗിച്ച് ഇരുവരും ബസിൽ കയറി ഷിമോഗ കടന്ന് ചിത്രദുർഗയിലെത്തി. സഹോദരന് പ്രായം കുറവായതിനാൽ ടിക്കറ്റ് എടുക്കേണ്ടി വന്നതുമില്ല. കുട്ടികളെ കാണാതായതോടെ രക്ഷിതാക്കൾ ബെംഗളൂരു എച്ച്.എ.എൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് ഉടൻ തന്നെ സോഷ്യൽ മീഡിയ വഴി കുട്ടികളുടെ ചിത്രം പ്രചരിപ്പിച്ചു. ബസിൽ വെച്ച് ചിത്രം കണ്ട ഒരു യാത്രക്കാരൻ നൽകിയ വിവരമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്. ചിത്രദുർഗയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളെ സുരക്ഷിതമായി ബെംഗളൂരുവിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി.
The post രക്ഷിതാക്കൾ വഴക്ക് പറഞ്ഞു; വീടുവിട്ടിറങ്ങി കുട്ടികൾ, ഒടുവിൽ കണ്ടെത്തി പോലീസ് appeared first on Express Kerala.




