
മുണ്ടക്കയം: ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദീർഘദൂരം തുടർച്ചയായി ഓടിയ ബസിന്റെ പിൻവശത്തെ വീലുകൾ അമിതമായി ചൂടാവുകയും, ടയറുകളിൽ നിന്ന് തീപടരുകയുമായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ നിന്നുള്ള എ.എം.വി.ഐ. സി.വി.ടീനോഷ് കുമാർ, കോട്ടയം ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. മനോജ് കുമാർ, എ.എം.വി.ഐ. രാജേഷ് എന്നിവർ ചേർന്നാണ് ബസ് പരിശോധിച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ചതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക പ്രയാസമാണെങ്കിലും വരും ദിവസങ്ങളിൽ വിശദമായ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ മാറ്റിപ്പാർപ്പിച്ചു, ഒഴിവായത് വൻ ദുരന്തം!
എറണാകുളം, കോട്ടയം സ്വദേശികളായ 42 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. രാമേശ്വരം യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ മുണ്ടക്കയം സ്റ്റാൻഡിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. ബസ് നിർത്തി ആളെ ഇറക്കുന്നതിനിടെ ടയർ കരിയുന്ന ഗന്ധം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കി. പരിശോധനയ്ക്കിടെ പിൻവശത്തെ ടയർ പൊട്ടിത്തെറിക്കുകയും ബസ്സിന് പൂർണ്ണമായും തീപിടിക്കുകയും ചെയ്യുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
The post ബസ് കത്തിയത് ടയറുകൾ ചൂടായി; മുണ്ടക്കയത്തെ അപകടത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് appeared first on Express Kerala.




