
വനിതാ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ആവേശ നിമിഷത്തിന് വഡോദര സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും. വനിതാ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി കാപിറ്റൽസും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ ക്രിക്കറ്റിലെ ഉറ്റ സുഹൃത്തുക്കളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും ടീമുകളെ നയിച്ച് മൈതാനത്തിറങ്ങുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. രാത്രി 7.30 മുതലാണ് ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഫൈനലിൽ എത്തിയെങ്കിലും കിരീടം തൊടാൻ കഴിയാതെ പോയ ചരിത്രമാണ് ഡൽഹി കാപിറ്റൽസിനുള്ളത്. ആ തോൽവികളുടെ നിരാശ മാറ്റി ഇത്തവണ കപ്പുയർത്തുക എന്ന ലക്ഷ്യവുമായാണ് ജെമീമയുടെ നേതൃത്വത്തിൽ അവർ ഇറങ്ങുന്നത്. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ പരാജയപ്പെടുത്തിയാണ് ഡൽഹി കലാശക്കളിക്ക് അർഹത നേടിയത്. മറുവശത്ത്, ലീഗ് റൗണ്ടിലെ എട്ടു മത്സരങ്ങളിൽ ആറിലും വിജയിച്ച് കരുത്തുകാട്ടിയ മുൻ ചാമ്പ്യന്മാരായ ആർ.സി.ബി നേരിട്ടാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇരു ടീമുകളും മികച്ച താരങ്ങളാൽ സമ്പന്നമാണ്. ആർ.സി.ബി നിരയിൽ ക്യാപ്റ്റൻ സ്മൃതിക്കൊപ്പം വെടിക്കെട്ട് താരം ഗ്രേസ് ഹാരിസും റിച ഘോഷും ബാറ്റിങ്ങിൽ മിന്നും ഫോമിലാണ്. ബൗളിങ്ങിൽ നദീൻ ഡി ക്ലർക്കും ശ്രേയങ്ക പാട്ടീലും എതിരാളികളെ പിടിച്ചുകെട്ടാൻ പ്രാപ്തിയുള്ളവരാണ്. ഡൽഹി നിരയിലാകട്ടെ ഷഫാലി വർമയും ലോറ വോൾവാർട്ടുമാണ് ബാറ്റിങ്ങിലെ കുന്തമുനകൾ. ബൗളിങ്ങിൽ വിക്കറ്റ് വേട്ടക്കാരി നന്ദനി ശർമയ്ക്കൊപ്പം മലയാളി താരം മിന്നു മണിയുടെ പ്രകടനവും ഡൽഹിക്ക് നിർണായകമാകും. നാലാം തവണയും ഫൈനൽ കളിക്കുന്ന ഡൽഹി തങ്ങളുടെ കന്നി കിരീടം നേടുമോ അതോ ബംഗളൂരു രണ്ടാം വട്ടം ചാമ്പ്യന്മാരാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
The post കിരീടപ്പോരിൽ ആർ.സി.ബിയും ഡൽഹിയും; സ്മൃതിയും ജെമീമയും നേർക്കുനേർ! appeared first on Express Kerala.



