
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ മാസ്സ് ആക്ഷൻ ചിത്രം ‘ടിക്കി ടാക്ക’യുടെ പുത്തൻ വീഡിയോ പുറത്തിറങ്ങി. ആസിഫ് അലിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ സർപ്രൈസ് വീഡിയോ പങ്കുവെച്ചത്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം തന്റെ കരിയറിലെ ‘കെജിഎഫ്’ ആയിരിക്കുമെന്ന് ആസിഫ് അലി തന്നെ മുൻപ് വിശേഷിപ്പിച്ചിരുന്നു.
ആരാധകരെ ആവേശം കൊള്ളിക്കുന്ന തനി മാസ്സ് ലുക്കിലും സ്റ്റൈലിലുമാണ് ആസിഫ് അലി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സംസാരം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണെന്ന് ആസിഫ് വീഡിയോയിലൂടെ ഔദ്യോഗികമായി അറിയിച്ചു. റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പ് സൃഷ്ടിക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ ടിക്കി ടാക്ക വലിയൊരു ഓളം തന്നെ സൃഷ്ടിക്കുമെന്ന ഉറച്ച സൂചനയാണ് ഈ ഗ്ലിംപ്സ് നൽകുന്നത്.
Also Read: ഉദയഭാനുവും സരോജ് കുമാറും വീണ്ടും ബിഗ് സ്ക്രീനിൽ; ഉദയനാണ് താരം 4K റീ-റിലീസ് നാളെ
ഹോളിവുഡ് ചിത്രം ദ് റെയ്ഡ് റിഡെംപ്ഷൻ എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഇന്തോനേഷ്യൻ ഫൈറ്റ് മാസ്റ്റർ ഉദേ നൻസ് ആണ് ടിക്കി ടാക്കയുടെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തിയിരിക്കുന്നത്. ബോളിവുഡിലെ വമ്പൻമാരായ ടി സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസും സിജു മാത്യു, നേവിസ് സേവ്യർ എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്ലെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
The post ‘ഇതെന്റെ കെജിഎഫ്’; ആക്ഷൻ വിരുന്നൊരുക്കാൻ ആസിഫ് അലി, ‘ടിക്കി ടാക്ക’ ഗ്ലിംപ്സ് പുറത്ത്! appeared first on Express Kerala.




