
തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട്, രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പരസ്യ നിലപാടെടുത്ത വിനോദ് കോൺഗ്രസിൽ ചേരുന്നു. വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമാണ് വിനോദ്. ഇന്ന് കെപിസിസി പ്രസിഡന്റിൽ നിന്നും അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കും.
തന്റെ സഹോദരന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ടിൽ വലിയ തോതിലുള്ള തിരിമറി നടന്നതായി വിനോദ് നേരത്തെ ആരോപിച്ചിരുന്നു. ഫണ്ട് തട്ടിപ്പിൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയായി ഉയർത്തിയതാണ് വിനോദിനെ പ്രകോപിപ്പിച്ചത്. രക്തസാക്ഷി കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനിയും സിപിഎമ്മിനൊപ്പം തുടരാനാകില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടാണ് വിവാദ നേതാവിന് പുതിയ പദവി നൽകിയതെന്നും വിനോദ് ആരോപിക്കുന്നു.
Also Read: സഭയിൽ പോർവിളി; ‘സ്പീക്കറെ തെരുവിലിട്ട് അലക്കരുത്’ എന്ന് എ.എൻ ഷംസീർ
2008 ഏപ്രിൽ ഒന്നിനാണ് സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022-ൽ ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത പണം നേതാക്കൾ തട്ടിയെടുത്തുവെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണത്തിൽ നടപടി നേരിട്ടവർ തന്നെ വീണ്ടും അധികാര സ്ഥാനങ്ങളിൽ എത്തുന്നതിനെതിരെയാണ് കുടുംബം ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
The post സിപിഎമ്മിന് കനത്ത തിരിച്ചടി; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിലേക്ക് appeared first on Express Kerala.




