
തിരുവനന്തപുരം: നിയമസഭ വളപ്പിൽ വെച്ച് തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുൻ മന്ത്രിയും എംഎൽഎയുമായ മാത്യു ടി. തോമസ്. തന്റെ ഔദ്യോഗിക വാഹനം നിയമസഭയിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. 2018 മുതൽ താൻ ഉപയോഗിക്കുന്ന വാഹനവുമായി പാർക്കിംഗിലേക്ക് എത്തിയപ്പോൾ, തന്നെ തിരിച്ചറിയാത്ത ഒരു വാച്ച് ആൻഡ് വാർഡ് വിനയപൂർവ്വം തടയുകയായിരുന്നു.
“ഇവിടെ എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കൂ” എന്നായിരുന്നു വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ മറുപടി. ഇത് കേട്ട മാത്യു ടി. തോമസ്, “നിയമസഭാംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ?” എന്ന് തിരിച്ചു ചോദിച്ചെങ്കിലും, എംഎൽഎമാരുടെ വാഹനം മാത്രമേ പറ്റൂ എന്ന് അദ്ദേഹം ആവർത്തിച്ചു. എംഎൽഎ എന്നതിന്റെ മലയാളം അർത്ഥമാണ് ‘നിയമസഭാംഗം’ എന്നത് ശ്രദ്ധിക്കാതെയായിരുന്നു ഉദ്യോഗസ്ഥന്റെ ഈ നിഷ്കളങ്കമായ മറുപടി.
Also Read: പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
വാഹനത്തിന് മുന്നിൽ ‘എംഎൽഎ’ എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ഉണ്ടാവുകയുള്ളൂ എന്ന് തന്റെ ഡ്രൈവർ വിഷ്ണു പലതവണ പറഞ്ഞിട്ടുള്ളത് എത്ര ശരിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് മാത്യു ടി. തോമസ് കുറിച്ചു. എങ്കിലും, നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ അധ്യക്ഷൻ കൂടിയായ താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും, മലയാളത്തിലുള്ള ബോർഡ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.
The post ‘എംഎൽഎയ്ക്ക് പാർക്കിംഗ് ഉണ്ട്, നിയമസഭാംഗത്തിനില്ല’; പാർക്കിംഗ് തടഞ്ഞ ഉദ്യോഗസ്ഥനോട് മാത്യു ടി. തോമസിന്റെ മറുപടി appeared first on Express Kerala.




