തിരുവനന്തപുരത്ത് അജിത് ഡോവലിന്റെ ‘രഹസ്യ ഓപ്പറേഷൻ’; സാധാരണക്കാരനായി ബേക്കറിയിലെത്തി ചിപ്‌സ് വാങ്ങി മടക്കം

തിരുവനന്തപുരത്ത് അജിത് ഡോവലിന്റെ ‘രഹസ്യ ഓപ്പറേഷൻ’; സാധാരണക്കാരനായി ബേക്കറിയിലെത്തി ചിപ്‌സ് വാങ്ങി മടക്കം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അതീവ രഹസ്യമായി തിരുവനന്തപുരത്ത് എത്തി മടങ്ങിയ വാർത്തകൾക്ക് പിന്നാലെ, അദ്ദേഹം നഗരത്തിലെ ഒരു ബേക്കറി സന്ദർശിച്ച ദൃശ്യങ്ങളും പുറത്തുവന്നു. കിഴക്കേകോട്ട പഴവങ്ങാടിയിലെ പ്രശസ്തമായ ‘മഹാ ചിപ്‌സ്’ എന്ന കടയിലാണ് മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സാധാരണക്കാരനെപ്പോലെ ഡോവൽ എത്തിയത്. രാവിലെ എട്ടു മണിയോടെ കടയിലെത്തിയ അദ്ദേഹം ചിപ്‌സ് വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു. അദ്ദേഹം പോയതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വന്നത് രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനാണെന്ന് കടയിലെ ജീവനക്കാർ പോലും തിരിച്ചറിഞ്ഞത്.

ജനുവരി 22, 23 തീയതികളിലായിരുന്നു ഡോവലിന്റെ ഈ അപ്രതീക്ഷിത സന്ദർശനം. സംസ്ഥാന ഇന്റലിജൻസ് പോലും അറിയാതിരുന്ന ഈ യാത്രയിൽ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം സുപ്രധാന യോഗങ്ങൾ നടത്തി. പിഎസ്എൽവി (PSLV) റോക്കറ്റുകളുടെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം എത്തിയത്. ശബരിമല സീസൺ ആയതിനാൽ കട നേരത്തെ തുറന്നത് ഡോവലിന് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ സൗകര്യമായി. പ്രകാശ് രാജ്, ഓം പുരി തുടങ്ങിയ പ്രമുഖർ മുൻപ് എത്തിയിട്ടുണ്ടെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കടയുടമകൾ പറയുന്നു.

Also Read; ദീപക്കിന്റെ മരണം! ഷിംജിതയെ ബസിലെത്തിച്ച് തെളിവെടുക്കും; വീണ്ടും പോലീസ് കസ്റ്റഡിയിൽ

വിഎസ്എസ് സിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ ഡോവൽ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പിഎസ്എൽവി പരാജയങ്ങളിൽ അട്ടിമറി സാധ്യതകൾ ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തലെങ്കിലും, ചില സാങ്കേതിക വീഴ്ചകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രോയുടെ ഭാവി ദൗത്യങ്ങളിൽ നിർണ്ണായകമായ തിരുത്തലുകൾ ഉണ്ടായേക്കും. അതീവ സുരക്ഷയുള്ള വ്യക്തിയായിട്ടും തലസ്ഥാന നഗരത്തിലൂടെ സാധാരണക്കാരനായി നടന്ന് നീങ്ങിയ അജിത് ഡോവലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

The post തിരുവനന്തപുരത്ത് അജിത് ഡോവലിന്റെ ‘രഹസ്യ ഓപ്പറേഷൻ’; സാധാരണക്കാരനായി ബേക്കറിയിലെത്തി ചിപ്‌സ് വാങ്ങി മടക്കം appeared first on Express Kerala.

Spread the love
Scroll to Top