
കേരളത്തിൽ എയിംസിനായി മുറവിളി കൂട്ടുന്ന സംസ്ഥാന സർക്കാർ, നിലവിൽ വയനാട്, കാസർഗോഡ് ജില്ലകളിലെ മെഡിക്കൽ കോളജുകളും കൊല്ലത്തെ ഇഎസ്ഐ മെഡിക്കൽ കോളജും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹപ്രഭാരിയുമായ ശോഭ കരന്തലജെ ചോദിച്ചു. കേന്ദ്ര പദ്ധതികളോട് സഹകരിക്കാതെ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ വിമർശിച്ചു. ബജറ്റിൽ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്നും, പദ്ധതികളുടെ വിശദാംശങ്ങൾ പാർലമെന്റ് ചർച്ചകൾക്ക് ശേഷം മാർച്ച് അവസാനത്തോടെ മാത്രമേ വ്യക്തമാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ കേരളത്തിന് വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ 27,382 കോടി രൂപയിൽ നിന്ന് ഇത്തവണ പദ്ധതി വിഹിതം 36,355 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ കേന്ദ്ര വായ്പാ പരിധി 21,077 കോടിയായി വർധിപ്പിച്ചു, ഇത് മുൻവർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ്. ഭൂമി ഏറ്റെടുത്ത് നൽകുന്നവർക്ക് മുൻഗണന നൽകുന്നതാണ് കേന്ദ്ര നയമെന്നും, എന്നിട്ടും കേന്ദ്രം അവഗണിക്കുന്നു എന്ന പരാതി അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
Also Read: വോട്ടർപ്പട്ടികയിൽ; 21,000 പേർ പുറത്ത്; ആശങ്കയകറ്റാൻ ‘നേറ്റിവിറ്റി കാർഡുമായി’ കേരളം
കാർഷിക-ആരോഗ്യ മേഖലകളിൽ കേരളത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്ര ബജറ്റ് നൽകുന്നത്. സംസ്ഥാനത്തെ 7.76 ലക്ഷം ഏക്കർ തെങ്ങുകൃഷി മേഖലയിൽ ഉൽപ്പാദനക്ഷമത കൂടിയ തെങ്ങുകൾ വെച്ചുപിടിപ്പിക്കാൻ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ 10,000 പേർക്ക് പരിശീലനം നൽകുന്നതിനൊപ്പം ഫുഡ് പ്രോസസിങ്, ഫിഷറീസ്, ടൂറിസം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കേന്ദ്രം സഹായം നൽകുമെന്നും ഇതിനോട് സംസ്ഥാനം സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇടനിലക്കാരില്ലാതെ 48.67 ലക്ഷം കോടി രൂപയാണ് ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചതെന്ന് മന്ത്രി അവകാശപ്പെട്ടു. പഴയ കാലത്തെ അഴിമതി നിറഞ്ഞ സംവിധാനത്തിൽ നിന്ന് മാറി 100 ശതമാനം ആനുകൂല്യങ്ങളും ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സാഹചര്യം മോദി സർക്കാർ ഉറപ്പാക്കി. ചെറുകിട വ്യവസായ മേഖലയിൽ കേരളത്തിന് 13,356 കോടി രൂപ പിഎംഇജിപി വഴി വിതരണം ചെയ്തതായും, നിലവിലുള്ള ദേശീയപാത, റെയിൽവേ വികസന പദ്ധതികൾ തടസ്സമില്ലാതെ തുടരുമെന്നും ശോഭ കരന്തലജെ വ്യക്തമാക്കി.
The post എയിംസിനായി മുറവിളി കൂട്ടുന്നവർ ഉള്ള മെഡിക്കൽ കോളജുകൾ പ്രയോജനപ്പെടുത്തണം: ശോഭ കരന്തലജെ appeared first on Express Kerala.




