
തമിഴ്നാട്ടിലെ തേനിയിൽ ഫിനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തേനി ന്യൂ ശ്രീറാം നഗർ സ്വദേശിയും പലിശ ഇടപാടുകാരനുമായ പാണ്ഡ്യനെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നിൽ വെച്ച് ആറംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. തേനി അല്ലിനഗരം സ്വദേശികളായ കർണൻ, പ്രഭാകരൻ, വീരപാണ്ഡി, ശിവകുമാർ, വൈരം, മനോജ് കുമാർ എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
പലിശയ്ക്ക് നൽകിയ പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. പ്രതികളിലൊരാളായ വനിത എന്ന സ്ത്രീക്ക് പാണ്ഡ്യൻ പത്ത് ലക്ഷം രൂപ പലിശയ്ക്ക് നൽകിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ വനിതയുടെ വീട് പാണ്ഡ്യൻ തന്റെ പേരിലേക്ക് മാറ്റി എഴുതിച്ചു. ഇതുമായി ബന്ധപ്പെട്ട കോടതി വിധിയും പാണ്ഡ്യന് അനുകൂലമായിരുന്നു. തുടർന്ന് വീട് ഒഴിഞ്ഞുതരണമെന്ന് ഇയാൾ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് വനിതയെയും ബന്ധുക്കളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കേസിൽ ഒളിവിൽ കഴിയുന്ന വനിത, സഹോദരി കാർത്തിക എന്നിവർക്കായി പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post പലിശ ഇടപാടിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഒളിവിൽ കഴിയുന്ന സ്ത്രീകൾക്കായി തിരച്ചിൽ appeared first on Express Kerala.




