
ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തി നൂറുകണക്കിന് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. പരിശോധനയിൽ അതീവ അപകടകാരിയായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി വൈറസ് സ്ഥിരീകരിച്ചു. അഡയാർ, പള്ളിക്കരണൈ, വെലാച്ചേരി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഇതേത്തുടർന്ന് ചെന്നൈ നഗരസഭയും ആരോഗ്യവകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ കാക്കകളെ മാത്രം ബാധിക്കുന്ന വകഭേദമാണ് ഇതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി കത്തിച്ചുകളയാനോ ആഴത്തിൽ കുഴിച്ചുമൂടാനോ നിർദ്ദേശമുണ്ട്. പൊതുജനങ്ങൾ ചത്ത പക്ഷികളെ നേരിട്ട് തൊടരുതെന്നും അത്തരം സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പക്ഷികളുടെ ജഡങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേക ആരോഗ്യ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വളർത്തുപക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ കർഷകരും വീട്ടുകാരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
Also Read: നടൻ വിജയ്‌ക്ക് തിരിച്ചടി; 1.5 കോടിയുടെ നികുതി പിഴ ശരിവച്ച് മദ്രാസ് ഹൈക്കോടതി
പക്ഷിപ്പനി വൈറസ് സാധാരണഗതിയിൽ പക്ഷികളിൽ മാത്രം കാണപ്പെടുന്നതാണെങ്കിലും അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. എന്നാൽ കൊറോണയോ നിപയോ പോലെ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഒന്നല്ല എന്നത് ആശ്വാസകരമാണ്. കേരളത്തിലെ ചില ഭാഗങ്ങളിൽ എച്ച്5എൻ8 (H5N8) വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അയൽസംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കാക്കകളെപ്പോലുള്ള നാട്ടുപക്ഷികളെ കൊന്നൊടുക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ, മറ്റ് പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രധാന പ്രതിരോധ മാർഗം.
The post ചെന്നൈയിൽ പക്ഷിപ്പനി ഭീതി; നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങുന്നു, എച്ച്5എൻ1 സ്ഥിരീകരിച്ചു appeared first on Express Kerala.




