
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇമാംബർഗയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഷെഹ്‌സാദ് ടൗണിലെ തെർലായ് ഇമാംബർഗയിലാണ് ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സ്ഫോടനത്തിൽ 160-ലധികം പേർക്ക് പരിക്കേറ്റതായും ഇവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബറിൽ ഇസ്ലാമാബാദിലുണ്ടായ സ്ഫോടനത്തിന് ശേഷം തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ ചാവേർ ആക്രമണമാണിത്. ആക്രമണത്തെ പാകിസ്ഥാൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി കടുത്ത ഭാഷയിൽ അപലപിച്ചു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണം സുരക്ഷാ സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയാണെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് വിമർശിച്ചു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സൈന്യവും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാരകമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദ കലാപങ്ങളും സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുന്നതിനിടെ ഇസ്ലാമാബാദിലുണ്ടായ സ്ഫോടനം രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.
The post ഇസ്ലാമാബാദിൽ ചാവേർ ആക്രമണം! 31 മരണം,160 ലധികം പേർക്ക് പരിക്ക് appeared first on Express Kerala.


