
23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ കേരളം ആദ്യ ഇന്നിങ്‌സിൽ 255 റൺസിന് പുറത്തായി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ ഷോൺ റോജറാണ് കേരളത്തിന് കരുത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ഒന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസ് എടുത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കം പാളിയിരുന്നു. ഓപ്പണർമാരായ അഭിഷേക് നായരും (18) എസ്.എസ്. അക്ഷയും (11) നേരത്തെ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ വരുൺ നായനാരും ഷോൺ റോജറും ചേർന്ന് 130 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. വരുൺ നായനാർ 64 റൺസ് നേടി പുറത്തായപ്പോൾ, ഉറച്ചുനിന്ന ഷോൺ റോജർ 182 പന്തുകളിൽ നിന്ന് 101 റൺസെടുത്തു. 14 ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഷോണിന്റെ ഇന്നിങ്‌സ്.
മധ്യനിരയിൽ അഹ്മദ് ഇമ്രാൻ പൂജ്യത്തിനും, ക്യാപ്റ്റൻ അഭിജിത് പ്രവീൺ 6 റൺസിനും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 27 റൺസെടുത്ത എ. ജിഷ്ണു മാത്രമാണ് പിന്നീട് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്കായി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 10 റൺസുമായി വിരാജ് നായികും 4 റൺസുമായി ശാർദ്ദൂൽ സന്തോഷുമാണ് ഗോവയ്ക്കായി ക്രീസിലുള്ളത്.
The post ഷോൺ റോജറിന് സെഞ്ച്വറി തിളക്കം; സി.കെ. നായിഡു ട്രോഫിയിൽ കേരളം 255 റൺസിന് പുറത്ത് appeared first on Express Kerala.




