
ഡൽഹി സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപമുള്ള എൻഡിഎംസി (NDMC) ഗോഡൗണിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സിലിണ്ടറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിനുള്ളിലുണ്ടായിരുന്ന സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. തീ പടർന്നതിനെത്തുടർന്ന് സമീപത്തെ മരങ്ങളുൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് തൊട്ടടുത്തായതിനാൽ അതീവ ജാഗ്രതയോടെയാണ് അഗ്നിശമന സേന നീങ്ങുന്നത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത പുകയും ചൂടും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ഫ്ലൈ ഓവറിലൂടെയുള്ള ഒരു വശത്തെ ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. ഗോഡൗണിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഫയർഫോഴ്സിന്റെ കൂടുതൽ സംഘങ്ങൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
The post ഡൽഹിയിൽ വൻ തീപിടുത്തം! സഫ്ദർജംഗിൽ എൻഡിഎംസി ഗോഡൗൺ കത്തിയമരുന്നു; സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു appeared first on Express Kerala.




