
ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധികൾക്ക് ശേഷം മസ്ക്കറ്റിൽ നടന്ന ഇറാൻ-അമേരിക്ക ആദ്യദിന ചർച്ചകൾ ശുഭസൂചന നൽകി അവസാനിച്ചു. ചർച്ചകൾക്ക് ശേഷം ഇറാൻ പുറത്തുവിട്ട ആദ്യ പ്രതികരണം ഏറെ പോസിറ്റീവ് ആണ്. ഇതേ രീതിയിൽ ചർച്ചകൾ മുന്നോട്ട് പോയാൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു പൊതുധാരണയിൽ എത്താൻ സാധിക്കുമെന്ന് ഇറാൻ പ്രത്യാശ പ്രകടിപ്പിച്ചു. ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ നേതൃത്വത്തിലുള്ള ഇറാനിയൻ പ്രതിനിധി സംഘം ആദ്യഘട്ട ചർച്ചകൾക്ക് ശേഷം മടങ്ങി.
രാജ്യതാൽപര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്ന് ചർച്ചകൾക്ക് മുന്നോടിയായി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കിയിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന ഉപരോധങ്ങൾക്കും നയതന്ത്ര തടസ്സങ്ങൾക്കും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് ഈ ചർച്ചയെ നോക്കിക്കാണുന്നത്. സമാധാനപരമായ ഒരു അന്തരീക്ഷം പശ്ചിമേഷ്യയിൽ കൊണ്ടുവരാൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
ആണവ പദ്ധതികളുടെ കാര്യത്തിൽ ഇറാൻ തങ്ങളുടെ കർശനമായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സമ്പുഷ്ടീകരിച്ച യുറേനിയം ഒരു കാരണവശാലും വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിനില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, എന്നാൽ ചർച്ചകളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. ആണവ വിട്ടുവീഴ്ചകൾ ഇല്ലാത്ത ഒരു ധാരണയ്ക്കാണ് ഇറാൻ ശ്രമിക്കുന്നത് എന്നത് വരും ദിവസങ്ങളിലെ ചർച്ചകളിൽ നിർണ്ണായകമാകും.
The post ഇറാൻ-അമേരിക്ക ചർച്ചകളിൽ ശുഭസൂചന; മസ്ക്കറ്റിലെ ആദ്യഘട്ടം പൂർത്തിയായി appeared first on Express Kerala.




