
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ലോകകപ്പ് കിരീടങ്ങൾക്കൊപ്പം ഒരു മലയാളി സാന്നിധ്യമുണ്ടാകുന്നത് പതിവ് ഭാഗ്യമായി കരുതപ്പെടുന്നു. 1983-ൽ സുനിൽ വൽസനും 2011-ൽ ശ്രീശാന്തും 2024-ൽ സഞ്ജു സാംസണും ഉൾപ്പെട്ട ഈ പട്ടികയിലേക്ക് ഇപ്പോൾ ആരോൺ ജോർജ് വർഗീസ് എന്ന പേര് കൂടി ചേർക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ ടീമിലെ വിശ്വസ്തനായ ബാറ്ററായാണ് ഈ മാവേലിക്കര സ്വദേശി ശ്രദ്ധേയനായത്. മാവേലിക്കരക്കാരനായ ഈശോ വർഗീസിന്റെയും കോട്ടയം സ്വദേശിനി പ്രീതിയുടെയും മകനായ ആരോൺ, കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.
ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശം മകനിലൂടെ സഫലമാക്കാൻ പോലീസ് ജോലി പോലും ഉപേക്ഷിച്ച പിതാവിന്റെ നിശ്ചയദാർഢ്യമാണ് ആരോണിന്റെ വളർച്ചയ്ക്ക് പിന്നിലുള്ളത്. കേരളത്തിൽ ജനിച്ചെങ്കിലും ഹൈദരാബാദിലാണ് ആരോൺ വളർന്നത്. ഹൈദരാബാദ് പോലീസിൽ സബ് ഇൻസ്‌പെക്ടറായിരുന്ന ഈശോ വർഗീസ്, മകന്റെ കരിയറിന് മികച്ച സൗകര്യങ്ങൾ ഒരുക്കാനായാണ് കോർപ്പറേറ്റ് ജോലിയിലേക്ക് മാറിയത്. വിജയ് മർച്ചന്റ് ട്രോഫിയിൽ ബിഹാറിനെതിരെ നേടിയ ട്രിപ്പിൾ സെഞ്ചുറിയാണ് ആരോണിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പിന്നീട് വിനൂ മങ്കാദ് ട്രോഫിയിൽ ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യൻ അണ്ടർ 19 ടീമിലേക്കുള്ള വഴി തുറന്നു.
Also Read; യുവരാജാക്കന്മാർ ഇന്ത്യ തന്നെ! ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ആറാം ലോകകിരീടം
അണ്ടർ 19 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്നെങ്കിലും പിന്നീട് ലഭിച്ച അവസരം ആരോൺ കൃത്യമായി വിനിയോഗിച്ചു. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിലെ നായകനായിരുന്നു ഈ മലയാളി താരം. അഫ്ഗാൻ ഉയർത്തിയ 311 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി 104 പന്തിൽ 115 റൺസ് നേടി ആരോൺ കരുത്തായി. അണ്ടർ 19 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന നേട്ടവും ഇതിലൂടെ ആരോണിന്റെ പേരിലായി.
മധ്യ ഓവറുകളിൽ ഇന്നിംഗ്‌സ് നങ്കൂരമിട്ട് കളിക്കാനുള്ള ആരോണിന്റെ കഴിവിനെ ടീം മാനേജ്‌മെന്റ് ഏറെ വിശ്വസിച്ചിരുന്നു. വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങൾ തകർത്തടിക്കുമ്പോൾ മറുവശത്ത് കരുതലോടെ സ്കോർ ഉയർത്താൻ ആരോണിന് സാധിച്ചു. അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ചുറിയിലൂടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസിന് ഇന്ത്യയെ സഹായിച്ച താരം എന്ന ഖ്യാതിയും ആരോൺ സ്വന്തമാക്കി. വരും കാലങ്ങളിൽ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള മലയാളി പ്രതീക്ഷയായി ഈ യുവതാരം മാറിയിരിക്കുകയാണ്.
The post സെമിയിലെ സെഞ്ചുറി വീരൻ; ഇന്ത്യൻ കിരീടനേട്ടത്തിൽ നിർണ്ണായകമായി മാവേലിക്കരക്കാരൻ ആരോൺ appeared first on Express Kerala.




