മൃതദേഹത്തോട് ക്രൂരത! റോഡ് മോശമെന്ന് പറഞ്ഞ് പാതിവഴിയിൽ ഉപേക്ഷിച്ചു; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ

മൃതദേഹത്തോട് ക്രൂരത! റോഡ് മോശമെന്ന് പറഞ്ഞ് പാതിവഴിയിൽ ഉപേക്ഷിച്ചു; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ

മുംബൈയിലെ പാൽഘറിൽ റോഡ് മോശമാണെന്ന് ആരോപിച്ച് ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. ശ്വാസതടസ്സവും ആന്തരിക രക്തസ്രാവവും മൂലം ഫെബ്രുവരി 3-ന് മരണപ്പെട്ട ശൈലേഷ് മഗൻ വഗദദയുടെ മൃതദേഹത്തോടാണ് ഈ അനാദരവ് കാട്ടിയത്. ഇതേത്തുടർന്ന് ബന്ധുക്കൾക്ക് മൃതദേഹം തുണിയിൽ കെട്ടി ചുമലിലേറ്റി രണ്ട് കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കേണ്ടി വന്നു.

അംബേപാഡയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. പ്രധാന റോഡിൽ നിന്ന് ഇടവഴിയിലേക്ക് ആംബുലൻസ് കയറ്റാൻ ഡ്രൈവർ വിസമ്മതിക്കുകയായിരുന്നു. റോഡ് ടാർ ചെയ്തിട്ടില്ലെന്നും വാഹനം പോകാൻ കഴിയില്ലെന്നുമായിരുന്നു ഡ്രൈവറുടെ ന്യായം. എന്നാൽ ജീപ്പും പിക്കപ്പും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സ്ഥിരമായി പോകുന്ന വഴിയാണിതെന്നും ഡ്രൈവർ മനഃപൂർവം വിസമ്മതിച്ചതാണെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ പാൽഘർ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഗ്രാമത്തിലേക്കുള്ള 1.8 കിലോമീറ്റർ റോഡ് വാഹനങ്ങൾ കടന്നുപോകാൻ അനുയോജ്യമാണെന്ന് പാൽഘർ ജില്ലാ പരിഷത്ത് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. റോഡിന്റെ അവസ്ഥയെക്കുറിച്ചുള്ള ഡ്രൈവറുടെ വാദം അധികൃതർ തള്ളിക്കളഞ്ഞതോടെ, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

The post മൃതദേഹത്തോട് ക്രൂരത! റോഡ് മോശമെന്ന് പറഞ്ഞ് പാതിവഴിയിൽ ഉപേക്ഷിച്ചു; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ appeared first on Express Kerala.

Spread the love
Scroll to Top