
ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐഎം മുതിർന്ന നേതാവ് എ.കെ. ബാലൻ രംഗത്ത്. തങ്ങൾ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇന്ത്യയെ ഒരു ഇസ്ലാമിക് റിപ്പബ്ലിക്കാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിക്കെതിരായ സമസ്തയുടെ പ്രമേയത്തെ എ.കെ. ബാലൻ സ്വാഗതം ചെയ്തു. മതരാഷ്ട്രവാദം അപകടകരമാണെന്ന സമസ്തയുടെ നിലപാടിൽ മുസ്ലീം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുന്നതിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും മതേതര കേരളത്തോട് വോട്ട് ചോദിക്കാനുള്ള അവകാശം അവർക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എൽഡിഎഫ് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസ് പങ്കാളിത്തമുള്ള ജനതാ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയതും അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും രാഷ്ട്രീയ സാഹചര്യമാണ് ഇത്തരം തീരുമാനങ്ങളിൽ നിർണ്ണായകമെന്നും എ.കെ. ബാലൻ പറഞ്ഞു.
The post ‘മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് കോടതിയിൽ പറയാൻ തയ്യാറുണ്ടോ?’ ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എ.കെ. ബാലൻ appeared first on Express Kerala.




